കൊച്ചി: റബർ ബോർഡും റബർ മേഖലയിലെ വിവിധ സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ റബർ മീറ്റ് - 2018 ഇന്നും നാളെയുമായി കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും. എ.എൻ.ആർ.പി.സിയുടെ മുൻ സെക്രട്ടറി ജനറലും റബർ ബോർഡ് മുൻ ചെയർമാനുമായ ഷീല തോമസ് ഉദ്ഘാടനം ചെയ്യും. 'ടുവേഡ്സ് എ സസ്‌റ്റൈനബിൾ റബർ വാല്യു ചെയിൻ"എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ വിഷയം.
റബർ രംഗത്തെ പുതിയ പ്രവണതകൾ, വെല്ലുവിളികൾ, വികസന തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. രാജ്യന്തര തലത്തിലുള്ള വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളുമുണ്ടാകുമെന്ന് വാർത്താസമ്മേളനത്തിൽ റബർ ബോർഡ് ചെയർമാൻ അനന്തൻ, സെക്രട്ടറി പി. സുധ, ഡയറക്‌ടർ ടോംസ് ജോസഫ്, പബ്ളിക് റിലേഷൻസ് ഡയറക്‌ടർ എം.ജി. സതീശ് എന്നിവർ പറഞ്ഞു.