കൊച്ചി : ശബരിമലയിൽ യഥാർത്ഥ ഭക്തർക്കെല്ലാം സംരക്ഷണം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം തേടി രണ്ട് വനിതാ അഭിഭാഷകരടക്കം നാല് സ്ത്രീകൾ നൽകിയ ഹർജിയിലാണ് വിശദീകരണം. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി മണ്ഡല, മകരവിളക്ക് കാലത്ത് ക്ഷേത്രത്തിന്റെ അന്തസും പവിത്രതയും നിലനിറുത്തി എല്ലാവർക്കും സംരക്ഷണം നൽകുമെന്ന് ഉറപ്പുണ്ടെന്ന് അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാ അധികൃതർക്കും ബാദ്ധ്യതയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ശബരിമല കയറാൻ എത്തിയ സ്ത്രീകൾക്കു നേരെ വ്യക്തിപരമായ ആക്രമണമുണ്ടായെന്നും അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സംരക്ഷണം ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായോ എന്ന് ഹൈക്കോടതി ആരാഞ്ഞു. ഉണ്ടായില്ലെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു.
ഭക്തർക്ക് സംരക്ഷണം നൽകാൻ പരമാവധി നടപടികൾ സ്വീകരിച്ചു. അതോടൊപ്പം അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടി പരിഗണിക്കേണ്ടി വന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാൻ ഭക്തരുടെ വേഷത്തിൽ ക്രിമിനലുകൾ ശബരിമലയിൽ എത്തിയെന്നും സ്റ്റേറ്റ് അറ്റോർണി വാദിച്ചു.
ഭക്തർക്ക് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിന് ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ, പുരുഷ ഭേദമില്ലാതെ എല്ലാവർക്കും സംരക്ഷണം നൽകുമെന്നായിരുന്നു സർക്കാരിന്റെ മറുപടി. സംരക്ഷണം തേടി പൊലീസിനെയാണ് സമീപിക്കേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ ഭക്തർക്കെല്ലാം സംരക്ഷണം നൽകാൻ തയ്യാറാണെന്നും ആശങ്കയുള്ളവർ അപേക്ഷ നൽകിയാൽ പരമാവധി സഹായം നൽകാമെന്നും സർക്കാർ വിശദീകരിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് ഹർജിക്കാരുടെ ആശങ്ക അപക്വവും അകാരണവുമാണെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച്, ഇൗ സീസണിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാത്ത വിധം നിയമ പ്രകാരമുള്ള ദർശനത്തിന് അവസരമൊരുക്കുമെന്ന വിശദീകരണം രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.