കൊച്ചി : ശബരിമലയിൽ അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് സർക്കാർ വിശദീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നാമജപ യജ്ഞത്തിൽ പങ്കെടുത്ത ഭക്തരടക്കമുള്ളവരെ പൊലീസ് കേസെടുത്ത് പീഡിപ്പിക്കുകയാണെന്നാരോപിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ അനോജ്കുമാർ, സുരേഷ്‌കുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തിരിച്ചറിഞ്ഞ പ്രതികൾക്കെതിരെ എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം പൊലീസ് അറിയിക്കാനും നിർദ്ദേശിച്ചു. എന്നാൽ പൊലീസുകാരും അതിക്രമം കാട്ടിയെന്നും വാഹനങ്ങൾ തകർത്തെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് പൊലീസുകാർക്കെതിരെ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാൻ നിർദ്ദേശിച്ചത്. പരിഷ്കൃത സമൂഹത്തിൽ പ്രൊഫഷണൽ പൊലീസ് സംവിധാനമാണ് വേണ്ടത്. ഇവിടെയും പ്രൊഫഷണൽ പൊലീസ് സംവിധാനം വേണം. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.