പിറവം: മണീട് ഗ്രാമപഞ്ചായത്തിൽ കരനെൽകൃഷിയുടെ കൊയ്ത്ത് തുടങ്ങി. അഞ്ചാം വാർഡിൽ വി.എം. ഏലിയാസിന്റെ പുരയിടത്തിൽ നടന്ന കൊയ്ത്തുത്സവം പ്രസിഡന്റ് ശോഭ ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ.ജോസഫ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. രാജേഷ് , കൃഷി ഓഫീസർ ആഭാരാജ് പങ്കെടുത്തു. വിവിധയിടങ്ങളിലായി പതിന്നാലേക്കറോളം സ്ഥലത്താണ് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് കരനെൽക്കൃഷി നടത്തിയത്. കൃഷിഭവനിൽ നിന്ന് വിത്തും വളവും നൽകി ഇറക്കിയ കൃഷിയിൽ നൂറുമേനി വിളവെടുക്കാൻ കഴിഞ്ഞെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് പറഞ്ഞു.