accident

തൃപ്പൂണിത്തുറ: അമിതവേഗതയിൽ വന്ന ടോറസ് ഇടിച്ച് ദമ്പതികൾ മരിച്ചു. കോലഞ്ചേരി പൂത്തൃക്ക പള്ളോത്ത്കുടി പുത്തൻ പുരയ്ക്കൽ വീട്ടിൽ രതീഷ് (43), ഭാര്യ രാജി (39 ) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.40ന് ചോറ്റാനിക്കര കോട്ടയത്ത്പാറയ്ക്കും തിരുവാങ്കുളത്തിനുമിടയിലുമാണ് സംഭവം.

കോട്ടയത്ത്പാറയിൽ ജോയിയുടെ വീട്ടിലെ വീട്ടുജോലി കഴിഞ്ഞ് രാജി ഭർത്താവ് രതീഷുമൊത്ത് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ അമിത വേഗതയിൽ വന്ന ടോറസ് പിന്നിൽ ഇടിക്കുകയായിരുന്നു. അടുത്ത കടയുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കടയുടമയുടെ കാറും സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ ഇരുപത് മീറ്ററോളം തെറിച്ചു പോയി.

കടയുടമ ബിനോയ്ക്കും സാരമായ പരിക്കുണ്ട്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ടോറസിന്റെ അടിയിൽ നിന്ന് ദമ്പതികളെ വലിച്ച് എടുത്തുവെങ്കിലും ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
സംഭവത്തിൽ ടോറസിന്റെ ഡ്രൈവർ മോറയ്ക്കാല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡ്രൈവറുടെ അനാസ്ഥയും അമിത വേഗതയുമാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്ളസ് ടു വിദ്യാർത്ഥിനി രാഖിമോൾ, ഒമ്പതാംക്ളാസ് വിദ്യാർത്ഥിനി രാജിഷ മോൾ എന്നിവരാണ് ദമ്പതികളുടെ മക്കൾ.