കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയുടെ സ്ഥലം വില്പനയിൽ നികുതിവെട്ടിപ്പും ക്രമക്കേടും ബിനാമി ഇടപാടുകളും കണ്ടെത്തിയതോടെ ആദായനികുതി വകുപ്പിന്റെ നടപടികൾ സീറോ മലബാർ സഭയുടെ ഉന്നതരിലേക്കും നീളുന്നു. സഭ വിറ്റഴിച്ച മൂന്നേക്കറിലെ 64 സെന്റ് സ്ഥലം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയതിന് പിന്നാലെ വില്പന രേഖകളിൽ ഒപ്പിട്ട സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ഡോ. ജോർജ് ആലഞ്ചേരിക്ക് നോട്ടീസ് നൽകി. ഏതാനും മാസം മുമ്പ് ആദായനികുതി വകുപ്പ് ആറു മണിക്കൂറോളം കർദ്ദിനാളിനെ ചോദ്യം ചെയ്‌തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വേണ്ടിയാണ് വീണ്ടും നോട്ടീസ് നൽകിയത്. ഇടപാടുകൾക്ക് ചുക്കാൻ പിടിച്ച അതിരൂപതയുടെ ഫിനാൻസ് ഓഫീസർ ഉൾപ്പെടെയുള്ള ഉന്നതരെയും ചോദ്യം ചെയ്യും. വ്യക്തമായ തെളിവുകളും രേഖകളും ഇതിനായി ശേഖരിച്ചിട്ടുണ്ട്.
തട്ടിപ്പ് പലവിധം
3.94 കോടി രൂപ ആധാരത്തിൽ വില കാണിച്ച സ്ഥലം ഇടനിലക്കാരനായ സാജുവർഗീസ് 6 മാസത്തിന് ശേഷം 39 കോടി രൂപയ്ക്ക് മറിച്ചുവിറ്റു. സഭയ്ക്ക് വിലയായി 3.94 കോടി രൂപ നൽകി. ഇടപാടിൽ സാജു 10 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. തുടർന്ന് സാജുവിന്റെ 4.16 കോടി രൂപ മതിപ്പുള്ള കാക്കനാട് വാഴക്കാലയിലെ വീടും സ്ഥലവും കണ്ടുകെട്ടി. ബാങ്കിടപാടുകളും മരവിപ്പിച്ചു. സാജു സ്ഥലം മറിച്ചു വിറ്റ വി.കെ ഗ്രൂപ്പ് നികുതി വെട്ടിച്ചതിനാൽ അവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടി.
ബിനാമി ഇടപാടും അന്വേഷിക്കും
പുതിയ കേന്ദ്രനിയമം ബിനാമി പ്രോപ്പർട്ടി പ്രൊട്ടക്‌ഷൻ ആക്ട് പ്രകാരം ആദായനികുതി വകുപ്പിന്റെ പ്രത്യേക വിഭാഗവും സഭയുടെ സ്ഥലമിടപാട് അന്വേഷിക്കുന്നുണ്ട്. ബിനാമി പേരുകളിൽ സ്ഥലം വാങ്ങുകയോ മറിച്ചുവിൽക്കുകയോ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കും.