rahul-easwar

കൊച്ചി: ശബരിമലയിലെ തിരക്കുള്ള ക്യൂവിൽ യുവതികളായ ഫെമിനിസ്റ്റുകൾ കൂടി പ്രവേശിച്ചാൽ ശബരിമലയിൽ വ്യാജ 'മീ ടൂ' ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് രാഹുൽ ഇക്കാര്യം ആരോപിച്ചത്. സ്ത്രീവിഷയത്തിൽ എല്ലാവരും പേടിക്കും. പ്രത്യേകിച്ച് മുഖ്യമന്ത്രിയെ പോലുള്ളവർ കടുത്ത നിലപാടുകൾ എടുത്ത് നിൽക്കുമ്പോൾ. എന്നാൽ, തനിക്ക് ഇക്കാര്യത്തിൽ പേടിയില്ലെന്ന് രാഹുൽ ഈശ്വർ വാർത്താക്കുറിപ്പിൽ പറഞ്ഞു. തനിയ്‌ക്കെതിരെ 'മീ ടൂ' ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വറിന്റെ പ്രസ്താവന. തനിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണ്. ഇത്തരത്തിലുള്ള കൂടുതൽ ആരോപണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഒന്നും മിണ്ടാതെ

മുത്തശ്ശി ദേവകി അന്തർജനം, അമ്മ മല്ലിക നമ്പൂതിരി, ഭാര്യ ദീപാ രാഹുൽ ഈശ്വർ എന്നിവരുമായി കുടുംബസമേതമാണ് രാഹുൽ വാർത്താസമ്മേളനത്തിൽ എത്തിയത്. രാഹുലിന്റെയും ദീപയുടെയും മകനും ഒപ്പമുണ്ടായിരുന്നു. രാഹുലിന് കർശന ജാമ്യ വ്യവസ്ഥകൾ ഉള്ളതിനാൽ ഓരോരുത്തരുടെയും എഴുതിത്തയ്യാറാക്കിയ പ്രസ്താവന രാഹുലിന്റെ അഭിഭാഷക ശാന്തി മായാദേവി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വായിക്കുകയായിരുന്നു. രാഹുലിന്റെ ഭാഗത്തു നിന്നും വിവാദ പരാമർശങ്ങൾ ഉണ്ടായാൽ ജാമ്യം റദ്ദാക്കാൻ സാദ്ധ്യതയുള്ളതിനാലാണ് രാഹുലിന്റെ അഭിഭാഷക പ്രസ്താവന വായിച്ചത്. തനിക്ക് പറയാനൊരുപാടുണ്ടെന്നും വക്കീലിന്റെയും മറ്റും സമ്മതത്തോടെ നവംബർ 5ന് ശേഷം സംസാരിക്കാമെന്നും രാഹുൽ പറഞ്ഞു. ചൊവ്വാഴ്ച എറണാകുളത്തെയും ശനിയാഴ്ച പമ്പയിലെയും പൊലീസ് സ്റ്റേഷനുകളിൽ പോയി രാഹുലിന് ഒപ്പിടേണ്ടതുണ്ട്.

തനിക്ക് എതിരെയുള്ള ആരോപണം ശബരിമലയിലെ ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണ്. 'മീ ടൂ' പ്രസ്ഥാനത്തോട് വിയോജിപ്പോടു കൂടിയുള്ള യോജിപ്പുണ്ട്. എതിർപക്ഷത്തുള്ളവരെ തേജോവധം ചെയ്യാൻ അത് ദുരുപയോഗം ചെയ്യുന്നത് തരംതാണ പ്രവൃത്തിയാണെന്നും രാഹുലിന്റെ പ്രസ്താവനയിൽ പറയുന്നു.

ദേവകി അന്തർജനത്തിന്റെ പത്രക്കുറിപ്പിൽ നിന്ന്:

രാഹുൽ ഈശ്വർ എന്റെ പൗത്രനാണ്. കൊച്ചുമക്കൾ എല്ലാവരും ഒരുപോലെയാണ്. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തത് ഒഴിച്ചാൽ മറ്റ് സാമൂഹിക പ്രവർത്തനങ്ങളിൽ രാഹുൽ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം നിൽക്കുന്നു. ശബരിമലയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭക്തരിൽ ഒരാളാണ് ഞാൻ. രാഹുലിനെ അനേകം കേസുകളിലൂടെ കരിവാരിത്തേക്കുന്നതുവഴി ശബരിമല പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ അവസരത്തിൽ വിശ്വാസികൾ ഒറ്റക്കെട്ടായി നിന്ന് പോരാടണം. നവംബർ അഞ്ച് മുതൽ ശബരിമലയിൽ രാഹുലിനൊപ്പം താനുമുണ്ടാവുമെന്ന് ദേവകി അന്തർജനം അറിയിച്ചു. തന്ത്രി കുടുംബാഗങ്ങൾ രാഹുലിനെ തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് ദേവകി അന്തർജനം രംഗത്തെത്തിയത്.

മല്ലിക നമ്പൂതിരിയുടെ പത്രക്കുറിപ്പിൽ നിന്ന്:

രാഹുൽ ഈശ്വറിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നുവെന്ന് അമ്മ മല്ലിക നമ്പൂതിരി. രാഹുലിന് എതിരെ വരുന്ന എല്ലാ ആരോപണങ്ങളും തള്ളുന്നു. നവംബർ അഞ്ചിന് രാഹുലിനെ ശബരിമലയിൽ എത്തിക്കാതിരിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് രാഹുലിന് എതിരെയുള്ള ആരോപണങ്ങൾ. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ഉറച്ചു പോരാടുന്ന രാഹുലിനും ഭക്തർക്കും പിന്തുണ നൽകുന്നു എന്നും മല്ലിക നമ്പൂതിരി വാർത്താക്കുറിപ്പിൽ പറഞ്ഞു.

മീ ടൂ ആരോപണം തള്ളുന്നുവെന്ന് ദീപ

രാഹുൽ ഈശ്വറിനെതിരെ വന്ന മീ ടൂ ആരോപണം തള്ളുന്നുവെന്ന് ഭാര്യ ദീപ. മീ ടൂ മൂവ്‌മെന്റിനെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരത്തിൽ കള്ള പരാതികൾ ഇതിന്റെ വിശ്വാസം നശിപ്പിക്കുന്നുവെന്നും ദീപ പറഞ്ഞു. 2002 മുതൽ വ്യക്തിബന്ധത്തിലായിരുന്ന തങ്ങൾ 2010ലാണ് വിവാഹിതരായത്. ഈ ആരോപണം നടന്നുവെന്ന് പറയുന്നതിനേക്കാൾ രണ്ട് വർഷം മുമ്പ് രാഹുലിനെ പരിചയമുണ്ട്.രാഹുൽ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്യില്ലെന്ന് പൂർണവിശ്വാസമുണ്ടെന്നും ദീപ പറഞ്ഞു. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സ്വഭാവഹത്യ നടത്തരുതെന്നും ദീപ അഭ്യർത്ഥിച്ചു.