mvpa-90
മൂവാററുപുഴ ആർ.ഡി.ഒ ക്വാർട്ടേഴ്സ് കാട് കയറിയ നിലയിൽ

മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പ് അധികാരികളുടെ ഉത്തരവാദിത്തം കാണണമെങ്കിൽ മൂവാറ്റുപുഴയ്ക്ക് വരണം. ആർ.ഡി.ഒ ക്വാർട്ടേഴ്‌സ് കാട് കയറി നശിച്ചുതുടങ്ങിയിട്ട് കാൽനൂറ്റാണ്ടാകുന്നു. ഇതിന് സമീപത്തുള്ള എൻ.ജി.ഒ ക്വാർട്ടേഴ്‌സുകൾ, പൊലീസ് ക്വാർട്ടേഴ്‌സുകൾ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥൻമാർക്ക് താമസിക്കുന്നതിനായി വർഷങ്ങൾക്കു മുമ്പ് പണിതീർത്ത ആർ.ഡി.ഒ ക്വാർട്ടേഴ്‌സാണ് നി​ലംപൊത്താറായി​രി​ക്കുന്നത്.

 പാഴായത് ലക്ഷങ്ങൾ മുടക്കിയ കെട്ടിടങ്ങൾ

സർക്കാർ ജീവനക്കാർ 8 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നതിനാണ് ലക്ഷങ്ങൾ മുടക്കി ക്വാർട്ടേഴ്‌സുകൾ നിർമ്മിച്ചിട്ടുള്ളത്. എൻ.ജി.ഒ , ആർ.ഡി.ഒ ക്വാർട്ടേഴ്‌സുകൾ അടുത്തടുത്തായാണ് സ്ഥിതിചെയ്യുന്നത്. ആർ.ഡി.ഒ ആയിരുന്ന പി.എസ്. സന്തോഷിന്റെ ദുരൂഹമരണത്തിനു ശേഷം ആർ.ഡി.ഒ ക്വാർട്ടേഴ്‌സിൽ താമസിക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. കാടുപിടിച്ചുകിടക്കുന്ന ഇവിടം ലഹരി മരുന്നുസംഘങ്ങളുടെയും മദ്യപാനികളുടെയും അനാശാസ്യ പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ്. കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ഇവിടെ സാംസ്‌കാരിക നിലയവും മിനി സ്റ്റേഡിയവും നിർമിക്കാനുമൊക്കെ പദ്ധതി തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു.

 35 എൻ.ജി.ഒ ക്വാർട്ടേഴ്സുകൾ

എൻ.ജി.ഒ ക്വാർട്ടേഴ്‌സിൽ 35 ക്വാർട്ടേഴ്‌സുകളാണുള്ളത്. താമസമുള്ളതു ചില കെട്ടിടങ്ങളിൽ മാത്രമാണ്. പല കെട്ടിടങ്ങളും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ നശിച്ചുകിടക്കുകയാണ്. മറ്റു ചിലത് ഏറ്റെടുത്തവർ സ്ഥലം മാറിപ്പോയിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയ്യാറായിട്ടില്ല. ചിലരാകട്ടെ ഏറ്റെടുത്തിട്ടുണ്ടെങ്കിലും താമസിക്കുന്നില്ല. പല കെട്ടിടങ്ങളിലും കാടുകൾ വളർന്നു നിൽക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. രാത്രിയിൽ സാമൂഹികവിരുദ്ധരും താവളമാക്കുന്നു.

 ക്വാർട്ടേഴ്‌സില്ലാതെ പൊലീസുകാർ വലയുന്നു

പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സിലെ 26 കെട്ടിടങ്ങളാണ് ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന നിലയിലുള്ളത്. ക്വാർട്ടേഴ്‌സിൽ എത്തിച്ചേരാനും താമസിക്കാനും പൊലീസുകാർക്കു വേറെ കാവൽ വേണമെന്നതാണ് അവസ്ഥ. ക്വാർട്ടേഴ്‌സിൽ വെളിച്ചവുമില്ല, വെള്ളവുമില്ല, ചില കെട്ടിടങ്ങൾക്ക് മേൽക്കൂരയും ഭിത്തിയുമില്ല. ആറു പതിറ്റാണ്ടു മുൻപു നിർമ്മി​ച്ച പഴയ പൊലീസ് ക്വാർട്ടേഴ്‌സുകളിൽ ഇപ്പോൾ താമസക്കാരി​ല്ല. മേൽക്കുരയിലും ഭിത്തിയിലുമൊക്കെ വൻ മരങ്ങൾ വളർന്നുനിൽക്കുന്ന കെട്ടിടങ്ങൾ ഏതുനിമി​ഷവും പൊളിഞ്ഞുവീഴാം. ഇവിടെ പുതിയെ കെട്ടിടങ്ങൾ നിർമിക്കണമെന്നാവശ്യപ്പെട്ടു ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പലവട്ടം പൊലീസുകാർ നിവേദനങ്ങളും പദ്ധതികളും സമർപ്പിച്ചിട്ടും നടപടിയൊന്നുമി​ല്ല. ക്വാർട്ടേഴ്‌സ് കിട്ടാതെ മൂവാറ്റുപുഴയിലെ പൊലീസുകാർ വലയുന്നതിനിടയിലാണ് 26 പൊലീസ് ക്വാർട്ടേഴ്‌സുകൾ ഇഴജന്തുക്കൾക്കു താമസിക്കുന്നതിനായി വിട്ടുകൊടുത്തിരിക്കുന്നത്.