ആലുവ:സെറിബ്രൽ പൾസിയും ഒപ്പം പൂർണ അന്ധതയും. പക്ഷെ വിധി തീർത്ത പരിമിതികളെ മറികടന്ന് റിദമോൾ താരമായി. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മൂന്നിനങ്ങളിൽ എ ഗ്രേഡോടെ വിജയിച്ചപ്പോൾ റിദ ആലുവ അന്ധവിദ്യാലയത്തിലെ കുട്ടികൾക്കാകമാനം അഭിമാനമായി.
കലോത്സവത്തിൽ മലയാള പദ്യപാരായണത്തിൽ ജി. ശങ്കരക്കുറുപ്പിന്റെ വിശ്വദർശനം ആ
ണ് ആലപിച്ചത്. ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും ലളിതഗാനത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി.
അന്ധവിദ്യാലയത്തിലെ അദ്ധ്യാപിക മിനു കെ. ജോണിന്റെ നേതൃത്വത്തിലാണ് റിദ ആദ്യമായി സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. ഏഴാം ക്ലാസ്സുവരെ മാതൃവിദ്യാലയത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയ റിദ മോൾ കഴിഞ്ഞ വർഷമാണ് പൊതു വിദ്യാലയത്തിലേക്ക് മാറിയത്. കലോത്സവത്തിനായി പരിശീലിപ്പിച്ചത് ശാസ്ത്രീയ സംഗീതത്തിൽ അന്ധവിദ്യാലത്തിലെ പ്രവീണ ടീച്ചറും ലളിതഗാനത്തിൽ ആലുവ ബ്ലോക്ക് റിസോഴ്‌സ് (ബി. ആർ. സി) അധ്യാപിക നിജിത സാജനുമാണ്. മലയാള കവിത അധ്യാപകൻ അടൂർ ശ്രീകുമാറുമാണ് പരിശീലിപ്പിച്ചത്.
ഒരിക്കലും എഴുന്നേറ്റു നടക്കില്ല എന്നു ഡോക്ടർമാർ വിധിയെഴുതിയ റിദ എന്നാൽ വർഷങ്ങൾ കൊണ്ട് സ്വയം എഴുന്നേറ്റ് നടക്കാൻ തുടങ്ങി. സംഗീതത്തോടു പ്രത്യേക താൽപര്യമുള്ള റിദയെ സംഗീത തെറാപ്പിയിലൂടെയാണ് പാട്ടിന്റെ ലോകത്തേയ്ക്ക് എത്തിയത്. സ്‌കൂൾ അദ്ധ്യപികമാരും മാതാവിന്റെ കരുതലും ബലം പകർന്നു. രാഗങ്ങളും വരികളും ഒരു തവണ കേട്ടാൽ മനസസിൽ പതിയും. പാട്ടിന്റെ വഴിയിൽ തിളങ്ങിയപ്പോൾ റിദയെത്തേടി കെ.ജെ. യേശുദാസിന്റെയും കെ.എസ് ചിത്രയുടെയും അഭിനന്ദനമെത്തി. ജസ്റ്റിസ് കൃഷ്ണയ്യർ വീട്ടിലെത്തി അഭിനന്ദിച്ചു. റേഡിയോ പ്രോഗ്രാമുകളും വിവിധ കൾച്ചറൽ സംഗീത പരിപാടിയിലും പങ്കെടുത്തു.
സമ്മാനത്തുക സ്കൂളിന്
കലോത്സവത്തിൽ നിന്നും ലഭിച്ച സമ്മാനത്തുക മാതൃവിദ്യാലയമായ ആലുവ അന്ധവിദ്യാലയ ക്ഷേമ ഫണ്ടിലേക്ക് നൽകുമെന്ന് മാതാപിതാക്കൾ അറിയിച്ചു. പ്രളയത്തിലൂടെ നാശനഷ്ടം സംഭവിച്ച കുട്ടമശേരി ഹയർസെക്കൻഡറി സ്‌കൂളിന്റെ പുനരുദ്ധാരണത്തിന് സാമൂഹിക സുരക്ഷാ പെൻഷനായി തനിക്ക് ലഭിച്ച തുകയും റിദമോൾ സംഭാവനയായി നൽകിയിരുന്നു.