കൊച്ചി : സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ സംവരണ ആനുകൂല്യം ലഭിക്കാൻ റവന്യു അധികൃതർ സാക്ഷ്യപ്പെടുത്തിയ സമുദായ സർട്ടിഫിക്കറ്റ് തന്നെ വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതില്ലാതെ സംവരണസീറ്റിൽ പ്രവേശനം നേടിയവർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇതിനായി അധികൃതർ സമയം നൽകണമെന്നും ഡിവിഷൻബെഞ്ചിന്റെ വിധിയിൽ പറയുന്നു. മതമേലദ്ധ്യക്ഷന്മാരുടെ സർട്ടിഫിക്കറ്റ് സംവരണാനുകൂല്യത്തിന് മതിയായതല്ലെന്ന അധികാരികളുടെ നിലപാടിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ളിം വിഭാഗത്തിലെ ഉപവിഭാഗങ്ങളിലെ കുട്ടികൾക്ക് മതമേലദ്ധ്യക്ഷന്മാർ നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നില്ലെന്നും മുസ്ളീം പേഴ്സണൽ ലാ പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാന്റെ കത്തുപോലും അംഗീകരിക്കുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ പ്രൊവിൻഷ്യൽ ജനറൽ, വികാരി, ബിഷപ്പ്, ആർച്ച് ബിഷപ്പ് തുടങ്ങിയവർ നൽകുന്ന സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നുണ്ട്. ഇതു വിവേചനമാണെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ സമുദായ പദവി സാക്ഷ്യപ്പെടുത്താൻ അധികാരം നൽകിയിട്ടുള്ളത് റവന്യു അധികൃതർക്കാണെന്ന് വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് സമുദായ നേതാക്കളുടെ സാക്ഷ്യപത്രം അധികരേഖയായി വേണമെങ്കിൽ ആവശ്യപ്പെടാമെന്നും വിശദീകരിച്ചു.