mani

അടിമാലി: പ്രകൃതിക്ഷോഭത്തിൽ നശിച്ച പന്നിയാർ പവർ ഹൗസിന്റെ പ്രവർത്തനം 27ന് പുനരാരംഭിക്കുമെന്ന്  മന്ത്രി എംഎം മണി പറഞ്ഞു.വെള്ളം കയറി തകരാറിലായ പന്നിയാർ പവർ ഹൗസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ഇബി ഉദ്യോഗസ്ഥരിൽ നിന്നും നിലവിലെ സാഹചര്യം ചോദിച്ചറിഞ്ഞ മന്ത്രി ഇപ്പോൾ നടന്നു വരുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.പവർ ഹൗസിന്റെ പ്രവർത്തനം ഈ മാസം 27ന് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരളത്തിൽ പ്രളയമുണ്ടായതിന്റെ ഉത്തരവാദിത്വം വൈദ്യുതിവകുപ്പിന് ചുമലിൽ കെട്ടിവയ്ക്കാനാണ് പത്രമാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സന്ദർശനശേഷം എംഎം മണി പറഞ്ഞു. ആഗസ്റ്റ് പതിനാറിനായിരുന്നു പ്രളയത്തെ തുടർന്ന് ഒഴുകിയെത്തിയ വെള്ളവും ചെളിയും കയറി പന്നിയാർ പവർഹൗസിന് നാശം സംഭവിച്ചത്.രണ്ട് ജനറേറ്ററുകളിൽ നിന്നായി പതിനേഴ് മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. ഉത്പാദനം പൂർണമായി നിറുത്തിയതോടെ ജലനിരപ്പുയർന്ന പൊൻമുടി അണക്കെട്ടിന്റെ ഷട്ടറുകൾ ഏതാനും ദിവസങ്ങളായി തുറന്നു വിട്ടിരിക്കുകയാണ്.പവര്‍‌ഹൗസ് തകരാർ പരിഹരിച്ച് വേഗത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തി വരുന്നത്.