sndp

തൊടുപുഴ: ശ്രീനാരായണഗുരുദേവന്റെ മഹാസമാധി നവതി വർഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന മണ്ഡലമഹായജ്ഞം യതിപൂജ ചടങ്ങുകളിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ നിന്ന് 4000 ഭക്തർ പങ്കെടുക്കുമെന്ന് കൺവീനർ ഡോ.കെ. സോമൻ അറിയിച്ചു.  കഴിഞ്ഞമാസം 21 ന് ശിവഗിരിയിൽ തുടക്കംകുറിച്ച ചടങ്ങുകൾ ഈ മാസം 31 നാണ് സമാപിക്കുന്നത്. തൊടുപുഴ യൂണിയനിൽ നിന്നുള്ള ഗുരുദേവഭക്തർ പൂജയിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരിക്കുന്ന തീയതി ഈ മാസം 17 ആണ്. യൂണിയനിലെ  46 ശാഖകളിൽ നിന്നായി 70 ൽ അധികം വലിയവാഹനങ്ങളിലും നൂറുകണക്കിന് ചെറുവാഹനങ്ങളിലുമായി 16 ന് വൈകിട്ട്  6ന് ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ നിന്നും ഭക്തജനസംഘം യാത്രതിരിക്കും. തീർത്ഥാടനയാത്രക്ക് തുടക്കം കുറിച്ച് നടക്കുന്ന ചടങ്ങിൽ വൈക്കം ബെന്നി ശാന്തി ഭദ്രദീപം തെളിക്കും.  യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശം ഫ്ലാഗ് ഓഫ് ചെയ്യും.   17ന് രാവിലെ 9 മുതൽ വൈകിട്ടി 5 വരെ  ശിവഗിരിയിൽ നടക്കുന്ന അഖണ്ഡനാമജപയജ്ഞം, വിശ്വശാന്തിഹവനം, മഹാഗുരുപൂജ, അന്നദാനം, മഹായതിപൂജ, ആചാര്യസ്മൃതി തുടങ്ങിയ   ചടങ്ങുകളിൽ പങ്കുകൊണ്ട്  രാത്രിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.  യതിപൂജയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് യൂണിയൻ പരിധിയിൽ വിവിധമേഖല സമ്മേളനങ്ങൾ ആരംഭിച്ചു. ഇന്നലെ രാവിലെ കരിമണ്ണൂരിലും ഉച്ചക്ക് ശേഷം വഴിത്തലയിലും  യോഗങ്ങൾ ചേർന്നു.   സമ്മേളനങ്ങൾ യൂണിയൻ കൺവീനർ ഡോ.കെ.സോമൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.ബി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.  യോഗം അസി.സെക്രട്ടറി ഷാജികല്ലാറയിൽ, വിവിധ പോഷക സംഘടന ഭാരവാഹികൾ എന്നിവർ സംസാരിച്ചു. യോഗ ഡയറക്ടർ ബോർഡ് അംഗം വി .ജയേഷ് സ്വാഗതം പറഞ്ഞു.

 പീതാംബരദീക്ഷ സമർപ്പണം നാളെ 
ശിവഗിരിയിലെ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഭക്തരുടെ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ച് യൂണിയനിലെ 46 ശാഖകളിലും നാളെ (ബുധനാഴ്ച) പീതാംബര ദീക്ഷാദിനം ആചരിക്കും. രാവിലെ 9ന് എല്ലാ ഗുരുദേവ ക്ഷേത്രങ്ങളിലും  പ്രത്യേക ചടങ്ങുകൾ നടക്കും. നാളെ മുതൽ 17ന് വരെ യൂണിയൻ പരിധിയിലെ എല്ലാ ശാഖകളിലും ഗുരുദേവക്ഷേത്രങ്ങളിലും പ്രത്യേക പ്രാർത്ഥനകളും ഭജനയുമുണ്ടാകും.   ശിവഗിരിയിലെ ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻഭക്തരും  ദീക്ഷാദിനം മുതൽ പഞ്ചശുദ്ധിവ്രതം അനുഷ്ഠിക്കണം.  കഴിവതും മഞ്ഞ അല്ലെങ്കിൽ വെള്ള വസ്ത്രങ്ങൾ ധരിച്ചുവേണം  തീത്ഥാടനത്തിൽ പങ്കെടുക്കാനെന്നും കൺവീനർ അറിയിച്ചു.