കുമളി: ദേശിയപാതയിൽ ലോവർക്യാമ്പിൽ നിന്നും കുമളിയിലേക്ക് ഇരുചക്രവാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലിസും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടി.
ദിണ്ഡുക്കൽ - കൊട്ടാരക്കര ദേശീയപാത (എൻ.എച്ച്. 183) യിൽ കുമളി ചുരത്തിലെ ലോവർ ക്യാമ്പിന് സമീപം റോഡ് ഇടിഞ്ഞതിനാൽ ഗതാഗതം താൽകാലികമായി നിരോധിച്ചിരിക്കുകയാണ്. പതിമൂന്ന് ദിവസമായി നിരോധനം തുടരുകയാണ്. അതിനിടെ താൽകാലികമായി ഇരുചക്ര വാഹനങ്ങൾ കടത്തിവിടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ റോഡിന്റെ ചിലഭാഗങ്ങളിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതേ തുടർന്ന് ഇരുചക്രവാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതാണ് സംഘർഷത്തിന് കാരണമായത്. തമിഴ്നാട്ടിൽ നിന്നും പാലുമായി കുമളിയിലേക്ക് വരികയായിരുന്ന ഇരുചക്രവാഹനം കയറ്റി വിടാത്തതിനെ തുടർന്ന് യാത്രക്കാരും തമിഴ്നാട് പൊലീസുമായുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. തർക്കം മൂത്തപ്പോൾ പൊലീസുകാർ സംഘം ചേർന്ന് യാത്രക്കാരെ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ക്ലിപ്പിംഗുകൾ സോഷ്യൽ മീഡയായിൽ പ്രചരിക്കുന്നുമുണ്ട്. എന്നാൽ യാത്രക്കാർ തങ്ങളെ ആക്രമിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം.