ചെറുതോണി:സ്വകാര്യ കമ്പനികൾ കേബിളിടാൻ അശാസ്ത്രീയമായെടുത്ത കുഴികൾ റോഡുകളുടെ നാശത്തിനിടയാക്കുന്നു.റിലയൻസ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളുടെയും ബി.എസ് .എൻ.എലിന്റെയും കേബിൾ കടന്ന് പോകുന്ന ഭാഗങ്ങളിലാണ് കൂടുതലും മണ്ണിടിച്ചിലിൽ റോഡുകൾ ഇടിഞ്ഞിട്ടുള്ളത്.വനപ്രദേശങ്ങളിൽ ഉൾപ്പെടെ ഒഫ്ടിക്കൽ ഫൈബർ കേബിളുകൾ കടത്തിവിടാനായി റോഡിന്റെ ഫില്ലിംഗ് സൈഡുകളിലാണ് ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്തത്. ഈ ഭാഗങ്ങളിൽ മഴ പെയ്തതോടെ വെള്ളം ഇറങ്ങി റോഡുകൾ ഒലിച്ചുപോവുകയായിരുന്നു.കട്ടിംങ്ങ് ഭാഗങ്ങളിൽ കല്ലുകളുടെ സാന്നിധ്യം ഉള്ളതിനാലാണ് ജോലികൾ വേഗത്തിലാക്കുവാൻ കേബിൾ കമ്പനികൾക്കായി ഉദ്യോഗസ്ഥർ വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായതെന്നും ആരോപണമുണ്ട്.ജില്ലയിൽ ദേശീയ,സംസ്ഥാന റോഡുകൾക്ക് പുറമെ ഗ്രാമീണ റോഡുകളും മണ്ണിടിച്ചിലിനെ തുടർന്ന് ഒഴുകി പോയി. ഇതിൽ ബഹുഭൂരിപക്ഷം റോഡുകളും ഫില്ലിംഗ് സൈഡിൽ നിന്നാണ് ഇടിഞ്ഞ് പോയത്.റോഡ് മെയിന്റനൻസിന്റെ ആവശ്യത്തിനായി ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്ന പണം കൃത്യമായി പരിശോധിക്കണമെന്നും കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുവാൻ വകുപ്പ് മന്ത്രി തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.