plant
രാജാക്കാട് ബസ്സ്റ്റാന്റിൽ സ്ഥാപിച്ചിരിക്കുന്ന 'വെയ്സ്റ്റ് റ്റു എനെർജി' പ്ലാന്റ്

 

രാജാക്കാട്:നിർമാണ കമ്പനിയുടെ അനാസ്ഥയാൽ രാജാക്കാട് ടൗണിലെ 'വെയ്സ്റ്റ് റ്റു എനെർജി' പ്ലാന്റ് പൂട്ടി. തുടർച്ചയായുള്ല സാങ്കേതിക തകരാറിനാൽ ഒരു വർഷമായി പ്ലാന്റും ഇതോടനുബന്ധിച്ചുള്ല തെരുവു വിളക്കും പ്രവർത്തിച്ചിരുന്നില്ല. മുൻ എം.എൽ.എ കെ.കെ ജയചന്ദ്രൻ അനുവദിച്ച 42 ലക്ഷം രൂപ ഉപയോഗിച്ച് ബസ് സ്റ്റാന്റ് കെട്ടിട സമുച്ചയത്തിലാണു പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.പഞ്ചായത്തിനാണു നടത്തിപ്പ് ചുമതല. തിരുവനന്തപുരം ആസ്ഥാനമായുള്ള ബയോടെക്ക് ഏജൻസിയാണു സ്ഥാപിച്ചത്. പച്ചക്കറി അവശിഷ്ടങ്ങൾ സംസ്‌കരിക്കുന്നതിനായി മൂന്നും, മൽസ്യ മാംസാവശിഷ്ടങ്ങൾക്കായി ഒന്നും സഹിതം 4 ടാങ്കുകളും ഇവയിൽ നിന്നുണ്ടാകുന്ന വാതകം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി ഗ്യാസിലും ഡീസലിലും പ്രവർത്തിക്കുന്ന ഓരോ വൈദ്യുത ജനറേറ്ററുകളും ഉണ്ട്. ഈ വൈദ്യുതി ഉപയോഗിച്ച് തെളിയിക്കുന്നതിനായി ടൗണിലെമ്പാടുമായി 70 തെരുവു വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷവും 22,000രൂപ ചെലവിട്ട് പണികൾ ചെയ്യിച്ചെങ്കിലും ഏറെ വൈകാതെ വീണ്ടും നിശ്ചലമായി.സംരക്ഷണമില്ലാതെ ജനറേറ്ററുകളും യന്ത്രഭാഗങ്ങളും ടാങ്കുകളും തുരുമ്പുകയറി നശിക്കുകയാണ്. വാതകം ചോരുന്ന ദുർഗന്ധത്താൽ വ്യാപാര സ്ഥാപനങ്ങൾക്കും,ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്കും പ്രയാസമേറിയതോടെ പഞ്ചായത്ത് കമ്മറ്റി പ്ലാന്റ് നവീകരിക്കുന്നതു വരെ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

പ്രവർത്തനം ആരംഭിച്ചത്

2012 ൽ ഗാന്ധി ജയന്തി ദിനത്തിലാണ് പ്ലാന്റ് ആരംഭിച്ചത്.പവ്വർ കട്ട് സമയത്തും, വൈദ്യുതി പോകുമ്പോഴും ടൗണിലെ ഇരുട്ടകറ്റാൻ ഈ തെരുവുവിളക്കുകൾ പ്രയോജനപ്പെട്ടിരുന്നു.വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവ മാലിന്യങ്ങളത്രയും അന്നന്ന് പ്ലാന്റിലേക്ക് മാറ്റുവാൻ തുടങ്ങിയതോടെ ടൗണിലെ മാലിന്യ പ്രശ്നത്തിനും പരിഹാരമായി.മാതൃകാപരമായി പ്രവർത്തിക്കുന്നതിനിടെ 4 വർഷം മുൻപാണു താളപ്പിഴകൾ ആരംഭിച്ചത്.ഗ്യാസ് ജനറേറ്റർ കേടായതിനെത്തുടർന്ന് വൈദ്യുതോൽപ്പാദനം നിലച്ചു. ഇതിനെത്തുടർന്ന് ദീർഘകാലം ഡീസൽ ജനറേറ്ററും ഭാഗീകമായി ഗ്യാസും ഉപയോഗിച്ചാണു വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നത്.അധികമായി ഉണ്ടാകുന്ന വാതകം സംഭരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ബ്ലാഡർ ടാങ്ക് സാമൂഹിക വിരുദ്ധർ തുളച്ചു നശിപ്പിച്ചു.അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ പ്രാദേശികമായി ലഭ്യമല്ലാത്തതിനാൽ നിർമ്മാണ കമ്പനിയുടെ സാങ്കേതിക വിദഗ്ധരെ വരുത്തിയാണു വീണ്ടും പ്രവർത്തന ക്ഷമമാക്കിയത്.ഇതിനായി വൻ തുക ചെലവിടുകയും ചെയ്തു. എന്നാൽ പിന്നീട് തകരാറുകൾ പതിവായതോടെ പ്ലാന്റ് മിക്കപ്പോഴും പ്രവർത്തിക്കാതായി.

അടച്ചത് നവീകരണത്തിന് താല്കാലികമായി


അറ്റകുറ്റപ്പണി ചെയ്തിട്ടും പ്രയോജനമില്ലാത്ത സാഹചര്യത്തിൽ നവീകരണത്തിനായി താൽക്കാലികമായാണു പ്ലാന്റ് അടച്ചത്.മാലിന്യങ്ങളും,വാതക ചോർച്ചയും മൂലം കടുത്ത ദുർഗന്ധം വരുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാന്റ് നവീകരിക്കുവാൻ കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്.പ്രൊജക്ടിനു അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നവീകരണ ജോലികൾ പൂർത്തീകരിച്ച് വീണ്ടും പ്രവർത്തനം ആരംഭിക്കും.

- എം.എസ് സതി, (രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് )

 

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച് പ്ലാന്റിന്റെ പ്രവര്ത്തനം നിലച്ചതിനെതിരേ പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്സും രംഗത്തെത്തി. പ്ലാന്റ് പ്രവർത്തന ക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധ പരിപാടികൾ നടത്തും.

- ആൽവിൻ ജോസ് (യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് )