അടിമാലി: ദേശിയപാത 49ൽ നേര്യമംഗലം പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം.പാലത്തിന്റെ ഇരുവശത്തും ട്രാഫിക് നിയന്ത്രിക്കുവാൻ സിഗ്നൽ സംവിധാനം ഏർപ്പെടുത്തി.രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് രാജവംശ നിർമ്മിതിയും ദേശിയപാത 49ലെ പ്രധാനപാലവുമായ നേര്യമംഗലംപാലത്തിനിരുവശവും സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്.കുറിഞ്ഞി വസന്തത്തോടനുബന്ധിച്ച് ദേശിയപാതയിൽ ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്ത് പാലത്തിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തുമെന്ന രണ്ട് മാസങ്ങൾക്ക് മുമ്പ് മൂന്നാർ ഡിവൈഎസ്പി അറിയിച്ചിരുന്നു.
ഒരേ സമയം ഒരു ദിശയിലേക്ക് മാത്രം
ഒരേ സമയം ഒരു ദിശയിലേക്ക് മാത്രം വാഹനങ്ങൾ കടന്നു പോകത്തക്ക രീതിയിലാണ് സിഗ്നൽ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ ഗതാഗതക്കുരുക്കിനാൽ പലപ്പോഴും പാലത്തിന് മുകളിൽ വാഹനമോടിക്കുന്നവർ തമ്മിൽ ഉണ്ടാകാറുള്ള വാക്കേറ്റവും കൈയ്യാങ്കളിയും അവസാനിക്കും. 214 മീറ്റർ നീളവും 4.9 മീറ്റർ വീതിയും 200 അടി ഉയരവുമുള്ള പാലത്തിലൂടെ ഒരു സമയം ഒരു വലിയ വാഹനത്തിനും ഒരു ചെറിയ വാഹനത്തിനും മാത്രമേ കടന്നു പോകാൻ കഴിയു.എന്നാൽ പപ്പോഴും രണ്ട് വലിയവാഹനങ്ങൾ ഒരേ സമയം പാലത്തിൽ കയറി ഗതാഗതക്കുരുക്കിനും കയ്യാങ്കളിക്കും ഇടവരുത്തിയിരുന്നു.മുമ്പ് ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ഫലവത്താകാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു.കുറിഞ്ഞി വസന്തം കാണാൻ എത്തുന്നവരുടെ തിരക്ക് പരിഗണിച്ചാണ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ആർച്ച് പാലം കൂടിയായ നേര്യമംഗലം പാലത്തിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്.