തൊടുപുഴ : തൊടുപുഴ കുടുംബ കോടതിക്ക് കെട്ടിടം നിർമ്മിക്കാൻ 6.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ജെ.ജോസഫ് എം.എൽ.എ. അറിയിച്ചു. മുട്ടം കോടതി സമുച്ചയത്തോടനുബന്ധിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുക. കുടുംബ കോടതി ഇപ്പോൾ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിച്ചു വരുന്നത്. മുട്ടം കോടതി കോമ്പൗണ്ടിൽ പുതിയ കെട്ടിടം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് 2015 -ൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തി. പൊതുമരാമത്ത് സ്‌പെഷ്യൽ ബിൽഡിംഗ്സ് വിഭാഗം വിശദമായ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കുകയും തൊടുപുഴ ജില്ലാ ജഡ്ജിയും തുടർന്ന് ഹൈക്കോടതിയും അംഗീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് സർക്കാർ ഭരണാനുമതി നൽകിയത്. പ്രവൃത്തി ഉടൻ ടെണ്ടർ ചെയ്യുമെന്നും ജോസഫ് പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജോർജ് ജേക്കബ്ബ് ഭരണാനുമതി നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു.