debate
'മുല്ലപ്പെരിയാറും ഇടുക്കിയും ഡാം സുരക്ഷയും' എന്ന വിഷയത്തിൽ ഇടുക്കി പ്രസ് ക്ലബും തൊടുപുഴ റെസിഡൻസ് വെൽഫെയർ സൊസൈറ്റി അപ്പക്സ് കൗൺസിലും (ട്രാക്ക്) സംയുക്തമായി സംഘടിപ്പിച്ച സംവാദം കേരള ഡാം സേഫ്ടി അതോറിട്ടി ചെയർമാൻ ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

 

ഇടുക്കി: കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയുടെ അഭിവൃദ്ധിക്ക് കൂടുതൽ അണക്കെട്ടുകൾ അനിവാര്യമാണെന്ന് കേരള ഡാം സേഫ്ടി അതോറിട്ടി ചെയർമാൻ ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.'മുല്ലപ്പെരിയാറും ഇടുക്കിയും ഡാം സുരക്ഷയും' എന്ന വിഷയത്തിൽ ഇടുക്കി പ്രസ് ക്ലബും തൊടുപുഴ റെസിഡൻസ് വെൽഫെയർ സൊസൈറ്റി അപ്പക്സ് കൗൺസിലും (ട്രാക്ക്) സംയുക്തമായി സിസിലിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്നൊരു പ്രളയമുണ്ടായപ്പോൾ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും അണക്കെട്ടുകളുടെ മുകളിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നത് ശുദ്ധമണ്ടത്തരമാണ്. നമ്മുടെ തെറ്റുകൾ മറ്റുള്ളവരുടെ മുതുകിൽചാരി രക്ഷപെടുകയെന്ന മലയാളിയുടെ പൊതുവികാരത്തിന്റെ ഭാഗം മാത്രമാണത്. അണക്കെട്ടുകൾക്ക് പ്രസക്തി ഏറിവരുന്ന ഈ കാലത്ത് കൂടുതൽ ജലസംഭരണികൾ നിർമ്മിക്കുകയാണ് വേണ്ടത്. നിലവിലുള്ള അണക്കെട്ടുകളുടെ ശേഷി വർദ്ധിപ്പിക്കുകയെന്നതും പരമപ്രധാനമാണ്. ഇപ്പോൾതന്നെ നാൽപ്പത് ശതമാനത്തോളം മണ്ണ് അടിഞ്ഞ് അണക്കെട്ടുകളുടെ സംഭരണശേഷി കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ അണക്കെട്ടുകളിലുമായി സംഭരിക്കാവുന്ന പരമാവധി വെള്ളം 5.8 കോടി ഘനമീറ്റർ മാത്രമാണ്. ഇതുകൊണ്ട് പരിഹരിക്കാവുന്നതല്ല സംസ്ഥാനത്തെ ജലക്ഷാമം. കൃഷിക്കും കുടിവെള്ളത്തിനും ഏറെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ ധാരാളമുണ്ട്. കൃഷിയോഗ്യമല്ലാതെ കിടക്കുന്ന ഏക്കർ കണക്കിന് ചതുപ്പുനിലങ്ങളുടെ ഒരുഭാഗം കൂടുതൽ താഴ്ത്തി ജലസംഭരണികളാക്കുകയും അവിടെ നിന്ന് കുഴിച്ചെടുക്കുന്ന മണ്ണിട്ട് മറുഭാഗം ഉയർത്തുകയും ചെയ്താൽ കൂടുതൽ ഭക്ഷ്യസാധനങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയും. അവിടെയൊക്കെ പരിസ്ഥിതിവാദവുമായി എതിർപ്പുണ്ടാക്കുന്നത് വികസന വിരോധമാണ്. കൂടുതൽ ജലം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ ജലം കുത്തിയൊലിച്ച് പോകുന്ന നദീതീരത്ത് തുടങ്ങണം. പാലക്കാട് പോലെ വരൾച്ച ബാധിത പ്രദേശത്ത് കോളക്കമ്പിനിക്കുവേണ്ടി 400 അടി താഴ്ത്തി ഭൂഗർഭജലമെടുക്കാൻ തീരുമാനിക്കുന്നതിന് പകരം അതേവ്യവസായം നദിതീരത്ത് തുടങ്ങിയിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് പ്രസിഡന്റ് ജെയിംസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റസൽജോയി ചർച്ചയ്ക്ക് നേതൃത്വം നൽകി. പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ ആമുഖപ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി എം.എൻ. സുരേഷ് സ്വാഗതവും ട്രാക്ക് സെക്രട്ടറി സണ്ണിതെക്കേക്കര നന്ദിയും പറഞ്ഞു.

 

 

കൂടുതൽ വർത്തമാനം

പ്രളയത്തിന് കാരണമായത് മഴയൊ, അണക്കെട്ടുകളോ .? 'അണക്കെട്ടുകൾ സ്വന്തമായി ജലം ഉൽപ്പാദിപ്പിക്കുന്നില്ല. കൂടുതൽ മഴപെയ്തിട്ടാണ് പെട്ടെന്ന് നിറഞ്ഞത്.'

തുറന്നുവിട്ടതുകൊണ്ട് എന്തുനേടി..?

'ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി. അതിവർഷമുണ്ടായപ്പോൾ കൃത്യസമയത്ത് അണക്കെട്ടുകൾ തുറന്നുവിട്ടില്ലായിരുന്നുവെങ്കിൽ വൻദുരന്തമാകുമായിരുന്നു'.

ഡാം മാനേജ്മെന്റിൽ വീഴ്ച സംഭവിച്ചോ..?

'ഇല്ല.., കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പുകളുടെ ഉമസ്ഥതയിലുള്ള എല്ലാ ഡാമുകളും അതത് വകുപ്പുകൾ കുറ്റമറ്റ രീതിയിൽ മാനേജ് ചെയ്തു. അതിന് മേൽനോട്ടംവഹിച്ച എല്ലാ എൻജിനീയർമാരും അഭിനന്ദനം അർഹിക്കുന്നു'.

സി.ഡബ്ള്യൂ.സി യുടെ അഭിപ്രായം..?

'കേരളത്തിലെ പ്രളയത്തിന് കാരണം തെക്കു- പടിഞ്ഞാറൻ കാലവർഷത്തിലെ ശക്തമായ മഴലഭ്യതയായിരുന്നു. ആഗസ്റ്റ് 15, 16, 17 തീയതികളിൽ മാത്രം 444 മി.മീറ്റർ മഴപെയ്തു. അതിന്റെ പ്രഭവകേന്ദ്രം പീരുമേട് ആയിരുന്നു'.