രാജാക്കാട്:ദിവസങ്ങളായി ലഭിക്കുന്ന കനത്ത തുലാമഴയെ തുടർന്ന് ആനയിറങ്കൽ അണക്കെട്ട് പരമാവധി സംഭരണ ശേഷി പിന്നിട്ട് കവിഞ്ഞൊഴുകുവാൻ തുടങ്ങി.ഇതോടെ പന്നിയാർ പുഴയിലും ജലനിരപ്പ് ഉയർന്നു. കനത്ത മഴയിൽ സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകൾ നിറഞ്ഞ് തുറന്ന് വിട്ടപ്പോൾ ആനയിറങ്കലിൽ 7 അടികൂടി ഉയരുവാനുണ്ടായിരുന്നു.പന്നിയാർ പുഴയുടെ ഉദ്ഭവസ്ഥാനത്ത് നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് പൊന്മുടി (പന്നിയാർ) ജല വൈദ്യുത പദ്ധതിയുടെ സപ്പോർട്ട് ഡാമാണു.
പരമാവധി സംഭരണശേഷി 1207 മീറ്റർ
35 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 1207 മീറ്ററാണ്.ഇതും പിന്നിട്ട് 25 സെന്റീമീറ്റർ കൂടി ജലനിരപ്പ് ഉയർന്നതോടെയാണ് സ്പിൽവേയിലൂടെ പന്നിയാർ പുഴയിലേക്ക് വെള്ളം കവിഞ്ഞൊഴുകുവാൻ തുടങ്ങിയത്.കുത്തുങ്കൽ,പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ കുത്തുങ്കൽ, പൊന്മുടി എന്നി അണക്കെട്ടുകളിലേക്ക് വേനൽക്കാലത്ത് വെള്ളമെത്തിക്കുന്നതിനായി 1963ൽ നിർമ്മിച്ച സപ്പോർട്ട് ഡാമാണിത്. തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളാണു വൃഷ്ടിപ്രദേശം.മൺസൂൺ മഴ താരതമ്യേന കുറച്ചുമാത്രം കിട്ടാറുള്ള പ്രദേശത്ത് തുലാമഴയാണു സമൃദ്ധമായി ലഭിക്കാറുള്ളത്.ഇതുകൊണ്ടുതന്നെ വേനൽക്കാലങ്ങളിൽ ഈ ഭാഗത്തെ തോടുകളും അണക്കെട്ടും ജലസമൃദ്ധമായിരിക്കും.
ലഭിച്ചത് ശക്തമായ തുലാമഴ
വേനൽക്കാലത്തേയ്ക്കുള്ള വെള്ളത്തിന്റെ ഈ കരുതൽ ശേഖരം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ പന്നിയാർ പുഴയിലെയും,പൊന്മുടി ഡാമിലെയും ജലനിരപ്പ് താഴുമ്പോൾ മാത്രമാണു തുറന്ന് വിടാറുള്ളത്.ഒരാഴ്ച്ചയായായി ബോഡിമെട്ട് ചിന്നക്കനാൽ,തോണ്ടിമല,ആനയിറങ്കൽ,ബി.എൽ റാവ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ തുലാമഴയാണു ലഭിക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച്ച മുതൽ പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്ന് 75ക്യൂമെക്സ് വെള്ളം മുതിരപ്പുഴയാറിലേയ്ക്ക് ഒഴുക്കിവിടുന്നുണ്ട്. ആനയിറങ്കൽ അണക്കെട്ട് നിറയുന്നതോടെ അധിക ജലം പൊന്മുടിയിലേയ്ക്ക് ഒഴുകിയെത്തുമെന്നുകൂടി മുൻകൂട്ടി കണ്ടാണു ഇതു ചെയ്തത്. ആനയിറങ്കൽ അണക്കെട്ടിലെ ജലനിരപ്പും പന്നിയാർ പുഴയിലെ നീരൊഴുക്കും കുറഞ്ഞതിനുശേഷം മാത്രം ഷട്ടറുകൾ അടച്ചാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം.