road
നാട്ടുകാരുടെ നേതൃത്വത്തിൽ എൻ.ആർ സിറ്റിഖജനാപ്പാറ റോഡ് മക്കിട്ട് കുഴികൾ അടയ്ക്കുന്നു

 

രാജാക്കാട്:പാടേ തകർന്നു കിടക്കുന്ന എൻ.ആർ സിറ്റി ഖജനാപ്പാറ റോഡ് നന്നാക്കുന്നതിൽ അധികൃതർ കാലങ്ങളായി പുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ പണം മുടക്കി മക്കിട്ട് റോഡിലെ കുഴികൾ അടച്ചു.രാജാക്കാട് രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.ഉൾഗ്രാമ പ്രദേശങ്ങളായ പുതുകിൽ, ഖജനപ്പാറ, മഞ്ഞക്കുഴി എന്നിവിടങ്ങളിലെ ആയിരക്കണക്കിന് കുടുബങ്ങൾക്ക് ആശ്രയമായ റോഡാണിത്. രാജാക്കാട്, എൻ ആർ സിറ്റി, രാജകുമാരി തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂൾ ബസുകളും മറ്റ് യാത്രാ വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. ടാറിംഗ് തകർന്ന് വിലയ കുഴികൾ രൂപപ്പെട്ട് കാൽനടയ്ക്കു പോലും പറ്റാത്ത വിധത്തിൽ തകർന്ന് കിടക്കുന്ന പാത നന്നാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് പണം കണ്ടെത്തി മക്കെത്തിച്ച് കുഴികൾ നികത്തിയത്.