മറയൂർ: തമിഴ്‌നാട്ടിൽ മിനിലോറി അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്ക്.തമിഴ്‌നാട് ഉദുമല ദളിപൊലീസ് സ്റ്റേഷൻ പരിധിയിലെ ആനമല സങ്കേതത്തിലെ അട്ടക്കട്ടിക്ക് സമീപം കടമ്പാറ ഭാഗത്തെ ഹെയർപിൻ വളവിലാണ് 17 പേരെ കയറ്റി പോയ മിനി ലോറി മറിഞ്ഞത്. കാന്തല്ലൂർ പാളപ്പെട്ടി ആദിവാസികോളനി സ്വദേശി വെള്ളയൻ എന്ന് വിളിക്കുന്ന രവികുമാർ(41) തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിനുള്ളിൽ കേരളാ അതിർത്തിയിലുള്ള കുരുമല ആദിവാസി കോളനി സ്വദേശികളായ സെൽവി (32) സന്യാസി(33) രാമൻ(45) മല്ലപ്പൻ(45) എന്നിവരാണ് മരിച്ചത്. പത്ത് പേർ ഗുരുതര പരിക്കേറ്റ് കോയമ്പത്തൂർ , പൊള്ളാച്ചി എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കുരുമല ആദിവാസി കോളനിയിൽ വനവിഭവങ്ങളും കാർഷിക ഉത്പന്നങ്ങളും മേട്ടൂർ ചന്തയിൽ വിൽപന നടത്തിയ ശേഷം വീട്ടാവശ്യത്തിനുള്ള പലചരക്കു സാധനങ്ങൾ വാങ്ങി മടങ്ങി വന്ന ആദിവാസികളാണ് അപകടത്തിൽപ്പെട്ടത്
. പതിനേഴുപേരാണ് മടക്കയാത്രയിൽ ലോറിയിൽ ഉണ്ടായിരൂന്നത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കാണ് വാഹനം അപകടത്തിൽപ്പെട്ടത് വനമേഖല ആയതിനാൽ വളരെ വൈകിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉദുമലപേട്ട ദളി പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടത്തിൽ മരിച്ച പാളപ്പെട്ടി സ്വദേശി രവികുമാർ ശേഷം കുരുമലയിലാണ് താമസിച്ചുവരുന്നത്.