ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിൽ മയക്ക് മരുന്ന് മാഫിയയുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രിയിൽ ചെറുതോണി ടൗണിൽ സാമൂഹിക വിരുദ്ധർ വ്യാപാരിയുടെ കാർ എറിഞ്ഞുതകർത്തു. ഇടുക്കി പൊലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു വ്യാപാരിയുടെ ഒമിനി വാനിന്റെ ചില്ലുകൾ എറിഞ്ഞ് തകർത്തത്. വ്യാഴാഴ്ച രാത്രി 9.30നാണ് സംഭവം. ചെറുതോണി അടിമാലി ജംഗ്ഷനിൽ പാപ്പൻസ് ഹോട്ടൽ നടത്തുന്ന ആൻസൺ കുഴികാട്ടിന്റെ മാരുതി ഓമ്‌നി വാനാണ് തകർത്തത്. കടയുടമയുടെ കാർ ജീവനക്കാരൻ പാർക്കുചെയ്യുന്നതിനായി കടയുടെ മുമ്പിൽ നിറുത്തുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ഈ സമയം ബൈക്കിലെത്തിയ രണ്ടുയുവാക്കൾ ഡ്രൈവറെ അകാരണമായി ചീത്തവിളിക്കുകയും ബൈക്കുപയോഗിച്ച് വാഹനത്തിൽ പലതവണ ഇടിപ്പിക്കുകയും ചെയ്തു. ബഹളംകേട്ട് സമീപ വാസികൾ എത്തിയെങ്കിലും യുവാക്കൾ ബഹളം തുടരുകയായിരുന്നു. ഇവർ കല്ലെടുത്തു എറിയാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ഇടുക്കി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയപ്പോൾ യുവാക്കൾ അടിമാലി ഭാഗത്തെയ്ക്ക് ബൈക്കോടിച്ചുപോയി.പത്തുമിനിട്ടിനു ശേഷം ബൈക്കിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി കല്ലുമായി തിരികെയെത്തി വാഹനത്തിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സമീപത്ത് അഡീഷണൽ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള പൊലീസുകാരുണ്ടായിരുന്നു. എന്നാൽ ഇവർ പ്രതികളെ പിടികൂടാൻ തയ്യാറായില്ല.കപ്പ വേവിച്ച് നൽകാത്തതിന്റെ പേരിൽ സി.പി.എം നേതാവിന്റെ അസഭ്യവർഷത്തിന് ഇരയായ വ്യക്തിയാണ് ഇപ്പോൾ ആക്രമണത്തിന് ഇരയായ ഹോട്ടലുടമ. ഇദ്ദേഹം ഇടുക്കി സി.ഐയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുമണിക്കൂറോളം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം വ്യാപകമാണ്. ചെറുതോണി ടൗണിൽ കുറ്റകൃത്യങ്ങൾ പെരുകുബോഴും പൊലീസ് നടപടികൾ എടുക്കാൻ തയ്യാറാകുന്നില്ല എന്നും ആക്ഷേപമുണ്ട്.
ആക്രമണങ്ങൾ പതിവാകുന്നു
കഴിഞ്ഞയാഴ്ച രാത്രിയിൽ ഓട്ടോറിക്ഷയിലെത്തിയ യുവാക്കൾ സ്‌റ്റോണേജ് ഹോട്ടലിന് സമീപം ഇത്തരത്തിൽ ബഹളം വയ്ക്കുകയും കടകൾക്ക് മുമ്പിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ തകർക്കുകയും ചെയ്തിരുന്നു. ഒരുമാസം മുമ്പ് പ്രളയക്കെടുതിയിൽ നശിച്ച ടൗണിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ശുചീകരണ ജോലികൾ നടത്തുന്നതിനിടെ രണ്ടു യുവാക്കൾ ടൗണിൽ ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യം നൽകി വിട്ടയച്ചു. ഇവർ ടൗണിൽ വീണ്ടുമെത്തി നാട്ടുകാർക്കെതിരെ വധഭീഷണി മുഴക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞ് വീണ്ടും പൊലീസെത്തിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. കഞ്ചാവിന് അടിമകളായ നിരവധി ചെറുപ്പക്കാർ പലതവണ ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ടൗണിൽ വാഴത്തോപ്പ് പഞ്ചായത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറ ഈ സമയം കേടായിരുന്നു. പത്ത് ലക്ഷം രൂപാ മുതൽ മുടക്കിൽ നടപ്പിലാക്കിയ സി.സി.ടി.വി സംവിധാനം വരുന്ന 27 നാണ് ഉദ്ഘാടനം ചെയ്യുവാനിരിക്കുന്നത്. എന്നാൽ അവശ്യ ഘട്ടത്തിൽ പ്രതികളെ കുറിച്ച് വിവരം ശേഖരിക്കുവാൻ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷിച്ചപ്പോൾ കേബിൾ തകരാറിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലന്ന വിവരമാണ് ലഭിച്ചത്. ചെറുതോണിയിലെ പ്രാദേശിക കേബിൾ നെറ്റ് വർക്കുമായി സഹകരിച്ചാണ് പഞ്ചായത്ത് കുറ്റകൃത്യങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഈ പദ്ധതി ആരംഭിച്ചത്.