അണക്കര: ശബരിമല ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് അടിയന്തരമായി ഇടപെട്ട് റിവ്യൂ ഹർജി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അണക്കരയിൽ നാമജപഷോഷയാത്ര നടന്നു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 100 സ്ത്രീകൾ പങ്കെടുത്തു. നൂറ്റാണ്ടുകളായി ശബരിമലയിൽ നടന്നുവരുന്ന ആചാരങ്ങളെ മാറ്റിമറിക്കാൻ ഏതുശക്തി ശ്രമിച്ചാലും അതിനെ ചെറുത്ത് തോൽപ്പിക്കാൻ മുഴുവൻ ഹൈന്ദവ വിശ്വാസികളും തയ്യാറാകുമെന്ന് നാമജപഘോഷയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് ശബരിമല കർമ്മസമിതി കൺവീനർ അംബിയിൽ മുരുകൻ പറഞ്ഞു. അയ്യപ്പസേവാ സമാജം സെക്രട്ടറി ബി.വിജയൻ, അണക്കര ശ്രീശിവപാർവ്വതി ക്ഷേത്രം പ്രസിഡന്റ് റ്റി.ആർ. ഗോപാലകൃഷ്ണൻ നായർ, എസ്.എൻ.ഡി.പി. യോഗം അണക്കര ശാഖ മുൻ പ്രസിഡന്റ് കുന്നേൽ മോഹനൻ, കേരള വണിക വൈശ്യ സംഘം ജില്ലാ പ്രസിഡന്റ് എ.കെ. ശിവരാമൻ ചെട്ടിയാർ, എൻ.എസ്.എസ്.കരയോഗം സെക്രട്ടറി രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. നാമജപഘോഷയാത്രയ്ക്ക് അജി അനിതാമന്ദിരം, നിതിൻ പൊന്നപ്പൻ, അനിൽകുമാർ തെങ്ങനാൽ എന്നിവർ നേതൃത്വം നൽകി.