sandal
സ്‌കൂൾ വളപ്പിൽ നിന്നും വീട്ടുവളപ്പിൽ നിന്നും മുറിച്ചു കടത്തിയ ചന്ദനമരത്തിന്റെ കുറ്റികൾ

മറയൂർ: കാട്ടിലും നാട്ടിലും ചന്ദന മോഷണം വ്യാപകമായിട്ടും മറയൂരിലെ വനംവകുപ്പിന് കുലുക്കമില്ല. കേരളത്തിലെ ഏക ചന്ദന റിസർവ് എന്ന ഖ്യാതിയും ചന്ദനസംരക്ഷണത്തിന് വേണ്ടി മാത്രമായി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പ്രത്യേക സംവിധാനങ്ങളുമുള്ള വനമേഖലയാണിത്. കഴിഞ്ഞ ഒരുമാസത്തിനിടെ സംരക്ഷിത വനമേഖലയിൽ നിന്നുൾപ്പെടെ ലക്ഷങ്ങൾ വിലമതിക്കുന്ന 21 ചന്ദനമരങ്ങളാണ് തുടർച്ചയായി മോഷണം പോയത്. വ്യാഴാഴ്ച രാത്രിയിൽ ജനവാസ മേഖലയിൽ നിന്ന രണ്ട് മരങ്ങൾ വെട്ടിക്കടത്തിയതാണ് ഈ പരമ്പരയിലെ അവസാനത്തെ സംഭവം. മറയൂർ പട്ടം കാളനി ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീ സരസ്വതി വിദ്യാമന്ദിർ സ്‌കൂൾ വളപ്പിലുണ്ടായിരുന്ന മരവും ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ പത്തടിപ്പാലം രഞ്ജിത് സിങ്ങിന്റെ വീട്ടുവളപ്പിൽ നിന്ന ചന്ദനമരവുമാണ് മുറിച്ചുകടത്തിയത്. രജ്ഞിത്തിന്റെ വീട്ടിൽനിന്ന് കഷ്ടിച്ച് മുപ്പത് മീറ്റർ മാത്രം അകലത്തിൽ നിന്ന മരമാണ് മുറിച്ചതെങ്കിലും വീട്ടുകാരുപോലും അറിഞ്ഞില്ല. ഇന്നലെ രാവിലെ പാൽ വാങ്ങുന്നതിന് പുറത്തേക്ക് പോകുമ്പേഴാണ് വിവരം അറിയുന്നത്. വീട്ടിലുണ്ടായിരുന്ന വളർത്തുനായയെ ഒരുമാസം മുമ്പ് അജ്ഞാതർ വിഷം നൽകി കൊന്നതായി വീട്ടുകാർ പറയുന്നു. മറയൂർ- കാന്തല്ലൂർ റോഡരുകിലുള്ള സ്‌കൂൾ കെട്ടിടത്തോട് ചേർന്ന് നിന്ന വൻമരമാണ് മോഷണം പോയ മറ്റൊന്ന്. ഇതിന്റെ പരിസരത്തും നിരവധി വീടുകളുണ്ട്. നഷ്ടപ്പെട്ട മരത്തിന് ലക്ഷങ്ങൾ വിലമതിക്കുന്നതാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ഉടമസ്ഥരുടെ പരാതിയെ തുടർന്ന് വനപാലകരെത്തി അന്വേഷണം ആരംഭിച്ചു. ജനവാസ മേഖലയിലും സംരക്ഷിത വനമേഖലയിലും ചന്ദനമോഷണം വ്യാപകമായിട്ടും ഒരു പ്രതിയെ പോലും പിടുകൂടാൻ സാധിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.