water
കുമളി ടൗൺവെള്ളം കയറുന്നത് പതിവാകുന്നു

കുമളി: ചെറിയ മഴിയിൽ പോലും ടൗണിൽ വെള്ളം കയറുന്നത് പതിവാകുന്നു. മഴപെയ്താൽ മിനിറ്റുകൾകൊണ്ട് ടൗണിന്റെ പ്രധാന ഭാഗങ്ങൾ വെള്ലത്തിലാകും. വണ്ടന്മേട് ജംഗ്ഷന് സമീപം റോ‌‌‌ഡിൽ വെള്ളം കയറുന്നത് കാൽനട യാത്രക്കാ‌ർക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ടൗണിലെ ഓടകളിൽ മാലിന്യം നിറഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. ദേശിയപാത വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഓട നിർമ്മിച്ച് സ്ലാബ് ഇട്ട് മൂടുകയും പിന്നീട് ഇതിനുമുകളിൽ നടപ്പാതയാക്കുകയും ചെയ്തു. എന്നാൽ ഒാടയിൽ അടിഞ്ഞുകൂടുന്ന മാലിന്യം കോരി വൃത്തിയാക്കുന്നതിന് ആവശ്യമായ മാൻ ഹോളുകൾ സ്ഥാപിച്ചിട്ടില്ല. ഇതിനുപുറമെ സമീപത്തെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴ വെള്ളം ഒാടയിലേക്ക് പ്രവേശിക്കുന്നതിനും മതിയായ സൗകര്യങ്ങളില്ല. ചതുപ്പ് പ്രദേശമായ ടൗണിൽ പെട്ടന്ന് വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പരിഹരിക്കാൻ നേരത്തെ മുതൽ തേക്കടി തടാകത്തിലേക്ക് വെള്ളം തിരിച്ചുവിടുന്ന കലുങ്കുകളും കാനകളുമുണ്ടായിരുന്നു. സമീപപ്രദേശങ്ങളിലെ താമസക്കാരും വൻകിട കെട്ടിടമുടമകളും കാനകൈയ്യേറി കെട്ടിയടച്ചതും മണ്ണിട്ട് നികത്തിയതുമൊക്കെ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടി. ടൗണിൽ നിരന്തരമുണ്ടാകുന്ന വെള്ളക്കെട്ട് വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരമേഖലയ്ക്കും ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. ദേശിയപാത അധികൃതരും ഗ്രാമപഞ്ചായത്തും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഓടകൈയ്യേറ്റം ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.