kike
കാത്തിരിപ്പുകേന്ദ്രത്തിൽ പാർക്കുചെയ്ത ബൈക്കുകളിൽ പൊലീസ് സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു

ഇടുക്കി: തൊടുപുഴ നഗരത്തിൽ പാർക്കിംഗ് നിയമം നടപ്പാക്കുന്നതിൽ ട്രാഫിക് പൊലീസിന് ഇരട്ടത്താപ്പ് നയം. നിരുപദ്രവകരമായി പാർക്കുചെയ്തിരുന്ന വിദ്യാർത്ഥികളുടെ ഇരു ചക്രവാഹനങ്ങൾക്ക് പെറ്രിക്കേസ് എടുത്ത പൊലീസ് നടപ്പാതകളിൽ നിയമം ലംഘിച്ച് നിറുത്തിയിട്ട മുന്തിയ വാഹനങ്ങൾ കണ്ടില്ലെന്ന് നടിച്ചു. കഴിഞ്ഞദിവസം നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സ്കൂളിന് മുമ്പിൽ യാത്രക്കാരില്ലാത്ത കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്തതാണ് പൊലീസിനെ ചൊടിപ്പിച്ചത്. കുട്ടികളുടെ 'നിയമ ലംഘനം' കണ്ട് കർത്തവ്യബോധം കത്തിജ്വലിച്ച ട്രാഫിക് പൊലീസ് ബൈക്കിൽ സ്റ്റിക്കർ ഒട്ടിച്ച് കേസ് ബുക്കുചെയ്തു. അതേസമയം നഗരത്തിലെ തിരക്കുള്ള നടപ്പാതകളിൽ തലങ്ങും വിലങ്ങും പാർക്കുചെയ്ത നിരവധി വാഹനങ്ങൾക്കെതിരെ ചെറുവിരൽ അനക്കിയില്ലെന്ന് മാത്രമല്ല, വഴിമുടക്കാതെ മാറ്റിയിടാൻ പോലും ആവശ്യപ്പെട്ടില്ല. ബസ് സ്റ്റോപ്പുകളിലും തിരക്കുള്ള നടപ്പാതകളിലും വാഹനം കയറ്റിയിട്ട് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തൊടുപുഴ നഗരത്തിലെ നിത്യസംഭവമാണ്. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അനുവദിച്ചിരിക്കുന്ന സീബ്രാലൈനുകളിലും സ്ഥിതിഭിന്നമല്ല. സീബ്രാലൈനിൽ വാഹനം നിറുത്തിയിടുന്നത് കുറ്റകരമാണെങ്കിലും പൊലീസ് പട്രോളിംഗ് കടന്നുപോകുമ്പോൾ പോലും ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ നടപടി എടുക്കാറില്ല. പലപ്പോഴും സീബ്രാലൈനിൽ ആളെ കണ്ടാൽ ഇരമ്പിവരുന്ന വാഹനങ്ങൾ വേഗതകുറയ്ക്കാൻപോലും തയ്യാറാകാതെ കടന്നുപോകുന്ന സംഭവങ്ങളുമുണ്ട്. രണ്ടു ഭാഗത്തേക്കും വാഹനഗതാഗതമുള്ള വീതികുറഞ്ഞ റോഡുകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പാർക്കുചെയ്താലും പൊലീസ് തിരിഞ്ഞുനോക്കില്ല. റോഡിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക് എതിരെ കേസ് എടുത്താൽ പെറ്റിക്കേസ് ദിവസവും ക്വാട്ട തികയ്ക്കാമെന്നിരിക്കെ തങ്ങളോട് മാത്രം വിവേചനം കാട്ടുന്നത് അനീതിയാണെന്ന് വിദ്യാർത്ഥികളും ആരോപിച്ചു.

കാത്തിരിക്കാൻ ആളില്ലാത്ത കാത്തിരുപ്പുകേന്ദ്രം

കളരിക്കൽ ലോഡ്ജിന് എതിർവശത്ത് ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പഴയ വെയിറ്റിംഗ് ഷെഡിൽ പാർക്കുചെയ്ത ബൈക്കുകൾക്കാണ് പൊലീസ് പെറ്റിക്കേസ് എടുത്തത്. തൊടുപുഴ നഗരത്തിൽ നിന്ന് ഈ വെയിറ്റിംഗ് ഷെഡ് സ്ഥിതിചെയ്യുന്ന ദിശയിലേക്ക് നിലവിൽ ബസ് സർവീസ് ഇല്ലെന്നിരിക്കെ ഇവിടെ യാത്രക്കാർ എത്താറില്ല. അഥവ ആരെങ്കിലും എത്തിയാൽ തന്നെ ഇരിപ്പിടം പോലുമില്ല. കോൺക്രീറ്റ് ബഞ്ചുകൾ പൊട്ടിപ്പൊളിഞ്ഞ് ഇരുമ്പ് കമ്പിയും മറ്റും പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലാണ്.

സമീപത്തെ സ്കൂൾ വിദ്യാർത്ഥികളാണ് ഇവിടെ വാഹനം കയറ്റിവച്ചത്. സ്കൂൾ പരിസരത്ത് വാഹനങ്ങൾക്ക് നിരോധനമുള്ളതുകൊണ്ടാണ് മതിലിന് പുറത്ത് ആർക്കും ശല്യമില്ലാത്ത സ്ഥലം നോക്കി പാർക്കുചെയ്തത്.