pooppara
പുഴക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ചെരിപ്പുകൾ.

രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം പന്നിയാർ പുഴയിൽ മുങ്ങിയെന്ന് കരുതിയ പെൺകുട്ടി 7 മണിക്കൂറിന് ശേഷം കൊടൈക്കനാലിലെ ബന്ധുവീട്ടിൽ പൊങ്ങി. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് നാട്ടുകാരെയും പൊലീസിനേയും മുൾമുനയിലാക്കിയ സംഭവങ്ങളുടെ തുടക്കം. അമ്മയോട് പിണങ്ങി ഒളിച്ചോടിയ പതിനാലുകാരി പുഴക്കരയിൽ ചെരുപ്പ് ഊരിവച്ചതാണ് ദുരൂഹതകൾക്ക് കാരണമായത്. തോട്ടം തൊഴിലാളിയായ മാതാവും പെൺകുട്ടിയും മാത്രമാണ് വീട്ടിലുള്ളത്. തലേന്ന് രാത്രി അമ്മയുമായി വഴക്കുണ്ടാക്കിയിട്ടാണ് ഉറങ്ങാൻ കിടന്നത്. ഇന്നലെ രാവിലെ മാതാവ് ഉണർന്ന് നോക്കിയപ്പോൾ മകളെ കണ്ടില്ല. വീടിന് പുറത്ത് പ്രഭാത കൃത്യങ്ങൾക്കുവേണ്ടി പോയിരിക്കുമെന്ന് കരുതി അമ്മ കാത്തിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യാതൊരു വിവരമില്ലാതായപ്പോൾ അന്വേഷിച്ചിറങ്ങി. പുഴക്കരയിലാകെ അരിച്ചുപെറക്കി. ആനയിറങ്കൽ ഡാം നിറഞ്ഞെുകവിഞ്ഞതിനാൽ പന്നിയാർ പുഴയുടെ ഇരകരമുറ്റി മലവെള്ളം കുതിച്ചുപായുന്നുണ്ട്. തെരച്ചിലിനിടെ പുഴക്കരയിൽ മകളുടെ ചെരുപ്പ് കണ്ടതോടെ സമനില തെറ്റിയ മാതാവ് മാറത്തടിച്ച് നിലവിളിച്ചു. വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പെൺകുട്ടിക്കുവേണ്ടി തെരച്ചിൽ തുടങ്ങി. അൽപ്പ സമയത്തിനകം ശാന്തൻപാറയിൽ നിന്ന് പൊലീസ് സംഘവുമെത്തി. ആനയിറങ്കൽ ഡാമിന് ഷട്ടർ ഇല്ലാത്തതുകൊണ്ട് പുഴയിലെ നീരൊഴുക്ക് നിയന്ത്രിക്കാനാകുമായിരുന്നില്ല. എന്നിട്ടും കുതിച്ചുപായുന്ന നദിയിലിറങ്ങി പൊലീസും നാട്ടുകാരും ആത്മാർത്ഥമായി തിരച്ചിൽ നടത്തി. ഏറെ വൈകാതെ നെടുങ്കണ്ടത്തുനിന്ന് അഗ്നിസുരക്ഷാസേനയുമെത്തി. എല്ലാവരുംകൂടിയുള്ള തെരച്ചിലിന് പുതിയ തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് ഉച്ചക്ക് 12.30ന് കൊടൈക്കനാൽ നിന്ന് ആ ഫോൺ വിളിയെത്തിയത്. കുട്ടിയുടെ അമ്മാവാനാണ് വിളിച്ചത്. അവൾ ഇവിടെയെത്തിയെന്ന സന്ദേശം ലഭിച്ചതോടെ മാതാവിന് ആശ്വാസമായി. എന്നാൽ അതുവരെ പന്നിയാറിന്റെ കുത്തൊഴുക്ക് അവഗണിച്ച് പാറക്കെട്ടുകളിലും കയത്തിലുമൊക്കെ സ്വന്തം ജീവൻ പണയപ്പെടുത്തി തെരച്ചിൽ നടത്തിയ നാട്ടുകാരും പൊലിസും കരയണോ ചിരിക്കണോ എന്നറിയാത്ത മാനസികാവസ്ഥയിലായിരുന്നു. അമ്മാവന്റെ ഫോണിലേക്ക് തിരിച്ചുവിളച്ച പൊലീസ് പെൺകുട്ടിയുമായി സംസാരിച്ച് യാത്രയുടെ വിശദാംശങ്ങൾ തേടി. അമ്മയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയതാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ചെരിപ്പുകൾ പുഴക്കരയിൽ ഊരിവച്ചതെന്നും പെൺകുട്ടി സമ്മതിച്ചു. നേരം പുലരും മുമ്പേ വീടുവിട്ടറങ്ങി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ പൂപ്പാറിൽ വന്നു. അവിടെ നിന്ന് തമിഴ്‌നാട്ടിലേയ്ക്കുള്ള ബസിൽ കയറി കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു എന്നുമാണ് കുട്ടി പറഞ്ഞത്. നേരത്തെതന്നെ പഠനം നിർത്തിയ കുട്ടി മാതാവിനൊപ്പം ഏലതോട്ടത്തിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു.