തൊടുപുഴ : ബൈക്ക് സ്വകാര്യബസിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം സ്വദേശിയായ സുല്‍ഫിക്കര്‍ അലി, എറണാകുളം സ്വദേശി ആസിഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുൽഫിക്കർ അലിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലും നിസാര പരിക്കേറ്റ ആസിഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുട്ടത്തു നിന്നും തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്ന ബൈക്കും തൊടുപുഴയില്‍ നിന്നും ഈരാറ്റുപേട്ടയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് മ്രാലയിൽ കൂട്ടിയിടിച്ചത്. ബൈക്കിലുണ്ടായിരുന്ന യുവാക്കൾ മുവാറ്റുപുഴക്ക് സമീപത്തുള്ള സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്. ഇവർ വാഗ മണ്ണിന് പോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത് .അമിത വേഗതയിലെത്തിയ ബൈക്ക് വളവ് തിരിക്കാന്‍ കഴിയാതെ എതിര്‍ ദിശയിലേയ്ക്ക് പാളുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കിലിടിക്കാതിരിക്കാന്‍ സൈഡിലേക്ക് വെട്ടിച്ചു മാറ്റിയ ബസ് റോഡരുകിൽ നിന്ന വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ചുതകർത്താണ് നിന്നത്. ബസിൽ ഇടിച്ച് തെറിച്ചുവീണ ബൈക്ക് റോഡിലൂടെ കുറേദൂരം നിരങ്ങിനീങ്ങി. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വൈദുതി പോസ്റ്റ് ഒടിഞ്ഞ് ബസിനുമുകലായി പതിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.

മുട്ടം -തൊടുപുഴ റൂട്ടിൽ ഒരു മാസത്തിനിടെ പതിനഞ്ചിലേറെ അപകടങ്ങൾ

മുട്ടം തൊടുപുഴ റൂട്ടിൽ ഒരു മാസത്തിനിടയിൽ നടന്നത് പതിനഞ്ചിലേറെ അപകടങ്ങളാണെന്ന് നാട്ടുകാർ പറഞ്ഞു. വിദ്യാർത്ഥികളും യുവാക്കളും ഉപയോഗിക്കുന്ന ന്യൂ ജെൻ ബൈക്കുകളുടെ അമിതവേഗതയാണ് അപകടങ്ങളുടെ പ്രധാന കാരണം. ഈ റൂട്ടിൽ ടൂവീലറുകളുടെ അമിതവേഗത നാട്ടുകാർക്കും പേടിസ്വപ്നമാണ്. ഇടയ്ക്കിടെ പൊലീസ് പരിശോധനകളുണ്ടെങ്കിലും വിദ്യാർത്ഥികളുടെ അമിതവേഗത നിയന്ത്രിക്കാനാകുന്നില്ല.