തൊടുപുഴ: ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി മാറുന്ന നേര്യമംഗലത്ത് വിനോദസഞ്ചാര സാദ്ധ്യതയേറുന്നു. പെരിയാർ ഗതിമാറി ഒഴുകിയ കാഴ്ചകാണാൻ ധാരാളം ടൂറിസ്റ്റുകൾ എത്തിയതോടെ വീണ്ടും ടൂറിസം പദ്ധതിക്ക് ജീവൻ വയ്ക്കുന്നു. പെരിയാറും,​നേര്യമംഗലം ജില്ല കൃഷി ഫാമും, ​ആർച്ച് പാലത്തിന്റെ സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാൻ അഞ്ച് വർഷം മുമ്പാണ് ശ്രമങ്ങളാരംഭിച്ചത്. പെരിയാറിന്റെ തീരങ്ങളിലെ കാഴ്ചകൾ ആസ്വാദിക്കാൻ ബോട്ടിംഗ് തുടങ്ങാനും വിഭാവന ചെയ്തിരുന്നു. ഫാം ടൂറിസത്തിലൂടെ ഹൈറേഞ്ചിന്റെ കവാടം വിനോദ സഞ്ചാരത്തിന് വഴി തുറന്ന് മുടങ്ങി കിടക്കുന്ന പ്രൊജക്ട് പുനർ ജീവിപ്പിക്കാനാണ് ആലോചന.കൃഷിത്തോട്ടത്തിൽ ഫാം ടൂറിസം ആരംഭിക്കുന്നതോടെ മൂന്നാറിലേക്കും സമീപ കേന്ദ്രങ്ങളിലേക്കും വരുന്ന ടൂറിസ്റ്റുകൾക്ക് ഇവിടെയിറങ്ങുവാൻ സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. തട്ടേക്കാട് സലിം അലി പക്ഷി സങ്കേതം,​ ഭൂതത്താൻകെട്ട് തുടങ്ങിയ കേന്ദ്രങ്ങളേയും,​ വാളറ,​ ചിയപ്പാറ വെള്ളചാട്ടങ്ങളേയും ബന്ധിപ്പിച്ച് സർക്യൂട്ട് ടൂറിസം പദ്ധതിക്ക് ഫണ്ടും അനുവദിച്ചിരുന്നു.ഇതോടെ ഗ്രാമീണ മേഖലയിൽ ടൂറിസത്തിലൂടെ കൂടുതൽ വരുമാനം തേടാൻ അവസരമൊരുങ്ങും. ഗൈഡുകൾ ഉൾപ്പെടെ നിരവധി തൊഴിലവസരങ്ങളും ലഭ്യമാകും. ആദിവാസികൾ നെയ്തെടുക്കുന്ന കരകൗശല വസ്തുക്കൾ വിറ്റഴിക്കാനും കഴിയും. വ്യാപാരമേഖലയ്ക്കും ഉണർവ് പകരുന്ന പദ്ധതിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്നാട്.

വില്ലാംചിറയിൽ സൂര്യാസ്തമയം കാണാം

കൊച്ചി​- ധനുഷ്കോടി ദേശീയ പാതയിൽ വില്ലാംചിറയിൽ ആരെയും വിസ്മയിപ്പിക്കുന്ന സൂര്യാസ്തമയം ആസ്വദിക്കാം. ബസ് യാത്രക്കിടയിലും ദർശിക്കാം. മലഞ്ചെരുവിലെ പടിഞ്ഞാറെ ചക്രവാളത്തിൽ അസ്തമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുള്ള കാഴ്ച നവ്യാനുഭവമാണ്.കുറഞ്ഞ ചെലവിൽ ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള റിസോട്ടുകളും ലോഡ്ജുകളും ഉണ്ട്. തലക്കോടിനും നേര്യമംഗലത്തിനുമിടയിൽ ഇടത്തരം ടൂറിസ്റ്റുകൾക്ക് അനുയോജ്യമായ ലോഡ്ജുകളാണുള്ളത്.

സഞ്ചാരികൾക്ക് എളുപ്പമെത്താം

ഭൂതത്താൻമാരുടെ കഥ പറയുന്ന ഭൂതത്താൻകെട്ടിൽ നിന്നും,​ ദേശാടന പക്ഷികൾ ചേക്കേറുന്ന സലിം അലി പക്ഷിസങ്കേതത്തിൽ നിന്നും സന്ദർശന ശേഷം നേര്യമംഗലത്ത് എളുപ്പമെത്താൻ റോഡ് സൗകര്യമുണ്ട്. കോതമംഗലം വഴി യേറെ ദൂരം യാത്ര ചെയ്യാതെ പുന്നേക്കാട് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പാലമറ്റം വഴി നേര്യമംഗലത്ത് വരം. പത്ത് കിലോ മീറ്ററോളം യാത്രലാഭിക്കാനാകും. ഇവിടെനിന്നും ചെറുതോണി വഴി തേക്കടിക്കും പോകാം.