തൊടുപുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ.എസ്.എസ് താലൂക്ക് യൂണിയൻ 18 ന് രാവിലെ തൊടുപുഴയിൽ നാമജപഘോഷയാത്ര നടത്തും.നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾക്കും, ഹൈന്ദവധർമ്മത്തിനും എതിരെ ഉയർന്നുവരുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ചചെയ്യുന്നതിന് ചേർന്ന യോഗത്തിലാണ് പ്രതിഷേധ പരിപാടിക്ക് രൂപം നൽകിയത്. യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ബി.ധർമ്മാംഗദ കൈമൾ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സഭാ മെമ്പർ പി.എസ്. മോഹൻ ദാസ്, വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു രാജീവ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡോ.പി.സി.രവീന്ദ്രനാഥ്, പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ബിനു, ശ്രീകല ഗോപി എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എസ്.എൻ.ശ്രീകാന്ത് സ്വാഗതവും,വനിതായൂണിയൻ സെക്രട്ടറി പ്രസീദ സോമൻ കൃതജ്ഞതയും പറഞ്ഞു.
മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജശ്രീ അനിൽ, അറക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷഗോപിനാഥ്, കൗൺസിലർമാരായ റ്റി.കെ.സുധാകരൻ, ഗോപാലകൃഷ്ണൻ, ബിജി വേലുക്കുട്ടൻ, കരയോഗ വനിതാസമാജ പ്രതിനിധികൾ ഉൾപ്പെടെ ഇരുന്നൂറ്റി അമ്പതോളംപേർ യോഗത്തിൽ പങ്കെടുത്തു.