തൊടുപുഴ : ഇന്റർനെറ്റ് യുഗത്തിൽ നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാതെ പകച്ചുനിൽക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവ സമൂഹത്തിന് ഹൈസെക്ക് വിദ്യാർത്ഥി സമ്മേളനം സഹായകമാകുമെന്ന് അഡ്വ. ജോയ്‌സ് ജോർജ് പറഞ്ഞു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ എല്ലാ ജില്ലകളിലും നടത്തി വരുന്ന ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി ഹൈസെക്ക് ഇടുക്കി ജില്ലാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻതലമുറ അക്ഷരക്കൂട്ടങ്ങളിൽ നിന്നാണ് അറിവ് തേടിയതെങ്കിൽ പുതുതലമുറ അറിവിനുവേണ്ടി ആശ്രയിക്കുന്നത് ഇന്റർനെറ്റുകളെയാണ്. വർത്തമാനകാലത്ത് സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന ജീർണതകളിൽ നിന്നും വിദ്യാർത്ഥികളെ മോചിപ്പിച്ച് ധാർമിക ദിശാബോധം പകർന്നു നൽകുന്ന വേദികൾ ആവശ്യമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ വ്യാപകമായി മാറുന്ന സാഹചര്യത്തിൽ അതിനെതിരെ ശബ്ദിക്കുന്ന യുവതലമുറ വളർന്നു വരേണ്ടത് അനിവാര്യമാണെന്നും എം.പി. പറഞ്ഞു. തൊടുപുഴ , കുമ്പംങ്കല്ല് ബി.ടി.എം.എൽ.പി.സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു സമ്മേളനം. ഹാഫിൽ തൻസീർ ബിൻ അബ്ദുൾ ഷുക്കൂർ 'മധുരം ക്വുർആൻ' എന്ന സെഷനോട് ആരംഭിച്ച സമ്മേളനത്തിൽ 'പ്രളയം നമുക്ക് നൽകുന്ന പാഠം' എന്ന വിഷയത്തിൽ
സഫ്വാൻ സലഫി ആമുഖ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ വിസ്ഡം ഇസ് ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഇൻഷാദ് സ്വലാഹി , സംസ്ഥാന നിർവാഹക സമിതി അംഗം അർഷദ് താനൂർ , ഷെഫീഖ് സ്വലാഹി മണ്ണാർക്കാട് , നൂറുദ്ദീൻ സ്വലാഹി വെട്ടത്തൂർ , അഷ്ഹർ ചാലുശേരി , അബ്ദുല്ല മാഞ്ഞാലി എന്നിവർ പഠനക്ലാസുകൾക്ക് നേതൃത്വം നൽകി.ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ടി.എം.ആസാദ്, ജില്ലാ സെക്രട്ടറി കെ.കെ.ഷംസുദ്ദീൻ , വിസ്ഡം യൂത്ത് വിംഗ് സെക്രട്ടറി എം.എം. നിഷാദ് എന്നിവർ പ്രസംഗിച്ചു.