കട്ടപ്പന; കുറഞ്ഞ ചിലവിൽ മരുന്നുകൾ പൊതു ജനങ്ങൾക്ക് എത്തിക്കുന്നതിനായി ആരംഭിച്ച ജെൻ ഔഷധി കേന്ദ്രങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായി. മരുന്നുകൾ ലഭ്യമാകാതായതോടെ നിരവധി ജെൻ ഔഷധി കേന്ദ്രങ്ങൾക്കാണ് പൂട്ടുവീഴാൻ സാധ്യത. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ 500 ലധികം ജെൻ ഔഷധി കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. എന്നാൽ ഷോപ്പുകളിൽ മരുന്നുകൾ ലഭ്യമാകാതായതോടെ ഇവയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. നിരവധി ജെൻ ഔഷധി കേന്ദ്രങ്ങളാണ് നിലവിൽ അടച്ചു പൂട്ടിയിരിക്കുന്നത്. ബ്യൂറോ ഓഫ് ഫാർമസ്യൂട്ടിക്കൽ ആൻഡ് പബ്ലിക്ക് സെക്ടർ അണ്ടർടേക്കിംഗ്സ് ഓഫ് ഇന്ത്യയുടെ കീഴിലാണ് ജെൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും ആവശ്യത്തിന് മുന്നുകൾ ജെൻ ഔഷധി കേന്ദ്രങ്ങളിലേക്ക് എത്താത്തതാണ് ഇവയുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. നിലവിൽ കട ഉടമകൾ തന്നെ തുക മുടക്കിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നത്. മരുന്നുകൾ ഇല്ലാത്തതിനാൽ വില്പന കുറഞ്ഞതോടെ ലൈസൻസികൾക്കുള്ള കമ്മീഷനും ലഭിക്കാതായി.

ഇൻസറ്റീവുകളും ലഭിക്കുന്നില്ല

കൂടാതെ സർക്കാർ വാഗ്ദാനം ചെയ്ത 10,000 രൂപ ഇൻസറ്റീവുകളും ലഭ്യമാകാതായതോടെ ജെൻ ഔഷധി കേന്ദ്രങ്ങൾ അടച്ചു പൂട്ടാനുള്ള ഒരുക്കത്തിലാണ് ഉടമകളും. ജൻ ഔഷധി കേന്ദ്രങ്ങൾക്ക് പൂട്ടു വീഴുന്നത് സാധാരണക്കാരെയാണ് ഗുരുതരമായി ബാധിക്കുന്നത്. സ്വകാര്യ മെഡിക്കൽഷോപ്പുകളുടെ ചൂഷണത്തിൽ നിന്നും ഒരുപരിധിവരെ ആളുകൾക്ക് ആശ്വാസമായത് ജൻഔഷധിപോലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനമാണ്. എന്നാൽ അതും ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.