idukki
ഇടുക്കി ടൗൺ

ചെറുതോണി: എ.ടി.എം കൗണ്ടർ പോലും സ്ഥാപിക്കുവാൻ തയ്യാറാകാതെ ഇടുക്കി ടൗണിനോട് അധികൃതരുടെ അവഗണന .ഇടുക്കി ജില്ലയുടെ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും ഇടുക്കി ടൗണിനോട് ജനപ്രധിനിധികളും ഉദ്യോഗസ്ഥരും അവഗണന കാട്ടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളിലായാണ് ഇടുക്കി ടൗൺ സ്ഥിതി ചെയ്യുന്നത്.രാജ്യത്തിന് അഭിമാനമായ ഇടുക്കി ആർച്ച് ഡാമിനോട് നാനൂറ് മീറ്റർ മാത്രം ദൂരത്തിലാണ് ഇടുക്കി ടൗൺ സ്ഥിതി ചെയ്യുന്നത്. ഇടുക്കി പദ്ധതിയുടെ കാലത്താണ് പ്രദേശത്ത് ആളുകൾ കുടിയേറിയത്. പെരിയാറിന് കുറുകെ ആർച്ച് ഡാം നിർമ്മിക്കപ്പെട്ടതോടെ പുഴയൊഴുകിയ പ്രദേശങ്ങളുടെ ഇരുകരകളിലും ആളുകൾ കുടിയേറുകയും ഇടുക്കി എന്ന പേരിൽ ഈ പ്രദേശം പിന്നീട് അറിയപ്പെടുകയുമായിരുന്നു.

 ഇടുക്കി ഡാമിനോളം ചരിത്രം

ഇടുക്കി പദ്ധതിയുടെ കാലത്തോളം തന്നെയാണ് ഇടുക്കിയുടെയും ചരിത്രം ഇൻകം ടാക്സ് ഇടുക്കി ബ്ലോക്ക് ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, പോസ്റ്റ് ഓഫീസ്, അക്ഷയ, വോളിബോൾ അക്കാദമി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും ,ആരാധനാലയങ്ങളും, ആഡംബര ഹോട്ടലുകളും ടൗണിൽ ഉണ്ട്. കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി ഓഫീസും ഇടുക്കി ടൗണിലാണ്. പ്രതിദിനം വിനോദ സഞ്ചാരികൾ ഉൾപ്പെടെ ആയിരകണക്കിന് ആളുകളാണ് ഇടുക്കി വഴി കടന്ന് പോകുന്നത്.

 ബാങ്കുണ്ട് എ.ടി.എം ഇല്ല

സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിക്കുന്നത് ഇടുക്കിയിലാണെങ്കിലും ബാങ്കിന്റെ എ ടി എം സ്ഥാപിച്ചിരിക്കുന്നത് ചെറുതോണിയിലാണ്. പണം ആവശ്യമാകുന്ന സന്ദർഭങ്ങളിൽ രണ്ട് കിലോ മീറ്റർ സഞ്ചരിച്ച് ചെറുതോണിയിൽ എത്തിയാണ് ആളുകൾ പണം എടുക്കുന്നത്. ഡാം തുറന്ന് വിട്ടതിനെ തുടർന്ന് ചെറുതോണിയിലേക്ക് എത്തുവാനാകാതെ ഇടുക്കി ,ഗാന്ധിനഗർ മേഖലകൾ ഒറ്റപ്പെട്ടപ്പോൾ എ ടി എം ഇല്ലാത്തതിനാൽ പ്രദേശവാസികൾ സാമ്പത്തികമായി വലഞ്ഞിരുന്നു. അടിയന്തര പ്രാധാന്യം നൽകി ഇടുക്കി ടൗണിൽ എ ടി എം കൗണ്ടർ അനുവധിക്കുവാൻ നടപടി സ്വീകരിക്കണമെന്നണ് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ആവശ്യ പെടുന്നത്.