ഇടുക്കി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധസമരങ്ങളുടെ രൂപം മാറുന്നു. തെരുവിലെ ശക്തിപ്രകടനങ്ങളുടെ ആദ്യഘട്ടത്തിന് ശേഷം ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേർന്ന് ശരണം വിളിച്ചും ഉപവാസം അനുഷ്ഠിച്ചും ഭക്തിനിർഭരമായ വിവിധ ചടങ്ങുകളുടെ അകമ്പടിയോടെ പ്രതിഷേധം ഇരമ്പുകയാണ്. ഇന്നലെ വൈകിട്ട് തൊടുപുഴയിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടേയും ക്ഷേത്രഭരണസമിതികളുടേയും പങ്കാളിത്വത്തോടെ മഹാസമ്മേളനം, ഭജന (നാമഘോഷലഹരി), കനലാട്ടം തുടങ്ങിയ ചടങ്ങുകൾ നടത്തി. പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് സംഘടിപ്പിച്ച ഉത്സവപ്രതീതി ജനിപ്പിക്കുന്ന ചടങ്ങിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ഹൈന്ദവ ആചാരങ്ങളിലും ക്ഷേത്രകാര്യങ്ങളിലും സർക്കാർ ഇടപെടുന്നത് വിശ്വാസികളുടെ മൗലീകാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായിനിന്ന് ശക്തമായി പോരാടുമെന്നും സമ്മേളനത്തിൽ പങ്കെടുത്ത വിവിധ സമുദായനേതാക്കൾ പ്രഖ്യാപിച്ചു. ജനം ടെലിവിഷൻ സി.ഇ.ഒ ലഫ്. കേണൽ ഡോ. ലാൽകൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഭരണസമിതി പ്രസിഡന്റെ രമേശ് ജ്യോതി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ടി.എസ്. രാജൻ, ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രസമിതി കൺവീനർ വി. ജയേഷ്, വിവിധ സമുദായ സംഘടന പ്രതിനിധികളായ എം.കെ. പരമേശ്വരൻ (കെ.പി.എം.എസ്.), രജീഷ് (യോഗക്ഷേമസഭ) , കെ.പി. ഗോപി (ഭരതർ മഹാസഭ), ഓമന രാജേന്ദ്രൻ (അയ്യപ്പസേവാ സമാജം ), ഗോപാലകൃഷ്ണപിള്ള (കേരള വെള്ളാള മഹാസഭ) എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം കോഴിക്കോട് പ്രശാന്ത് വർമ്മയുടെ നേതൃത്വത്തിൽ നാമഘോഷ ലഹരിയും, ബാബുസ്വാമിയുടെ നേതൃത്വത്തിൽ കറുപ്പ് വസ്ത്രങ്ങളണിഞ്ഞ നൂറുകണക്കിന് അയ്യപ്പഭക്തന്മാരുടെ കനലാട്ടവും നടന്നു. രാവിലെ മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തെയ്യക്കാവ് ദേവീക്ഷേത്രത്തിലേക്ക് നടന്ന ശരണഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.ഇടവെട്ടി പ്രദേശത്തെ ആറ് ക്ഷേത്രങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വമ്പിച്ചജനപങ്കാളിത്ത്വത്തോടെ നാമജപഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ആരംഭിച്ച ഘോഷയാത്രകൾ ഇടവെട്ടി ചിറയിൽ സമാപിച്ചു. അടിമാലി ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ നേതൃത്വത്തിൽ രാവിലെ ഉപവാസ പ്രാർത്ഥനയും നാമജപവും നടത്തി. അയ്യപ്പസേവാസംഘവും വിവിധ ഹൈന്ദവ സംഘടനകളും പങ്കാളികളായി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ എം.എൻ. രാജൻ, പ്രദീപ് ജി. നായർ, വൈസ് പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി. അയ്യപ്പസേവാസംഘം കേന്ദ്രകമ്മിറ്റി വൈസ് പ്രസി‌ഡന്റ് മോഹൻ കെ. നായർ ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്തു.