മുട്ടം: ശബരിമലയിലെ ആചാരങ്ങൾ തകർക്കുവാനുള്ള നീക്കത്തിനെതിരെ മുട്ടത്ത് ശരണ ഘോഷയാത്ര നടത്തി.നൂറു കണക്കിന് ഭക്തജനങ്ങൾ ശരണ ഘോഷയാത്രയിൽ അണിനിരന്നു.വിവിധ ഹിന്ദു സംഘടനകളുടേയും ക്ഷേത്ര കമ്മറ്റികളുടേയും നേതൃത്വത്തിലാണ് ശരണഘോഷയാത്ര നടത്തിയത്.ശബരിമലയിലെ ആചാരങ്ങൾ തകർക്കുവാനുള്ള നീക്കത്തിനെതിരെ ശരണഘോഷം മുഴക്കി ഭക്തർ പ്രതിഷേധിച്ചു.സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശരണഘോഷയാത്ര തയ്യക്കാവ് ദേവീക്ഷേത്രത്തിന് സമീപം സമാപിച്ചു.തുടർന്ന് നടന്ന പൊതുയോഗത്തിൽ വിശ്വകർമ്മ സഭ ജില്ലാ പ്രസിഡന്റ് എം.എസ്.വിനയരാജ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എം .അൻസാർ മൗലവി, കുമാരമംഗലം മുൻ പഞ്ചായത്ത് പ്രസിഡൻറ് നിസാർ പാഴേരി ,എൻ എസ് എസ് മുട്ടം യുണിറ്റ് പ്രസിഡൻറ് നാരായണൻ, എസ് എൻ ഡി പി മുട്ടം പ്രസിഡൻറ് സി.കെ.ഗോപി, ഹിന്ദു ചേരമസഭ ജില്ലാ പ്രസിഡൻറ് രാജൻ മക്കുപാറ, കെ.എൻ.ഗീതാകുമാരി, പി.കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

പിന്തുണയുമായി വിവിധ സംഘടനകൾ

മുട്ടം: മുട്ടത്ത് നടന്ന ശരണ ഘോഷയാത്രയിൽ പങ്കെടുത്ത ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്തത് യൂത്ത് ലീഗിന്റേയും യൂത്ത് കോൺഗ്രസിന്റേയും, യൂത്ത്ഫ്രണ്ട് (എം) ന്റെയും പ്രവർത്തകർ. ഇന്നലെ രാവിലെ 10ന് നടന്ന ശരണ ഘോഷയാത്രയിൽ നുറുകണക്കിന് ഭക്തരാണ് അണിനിരന്നത്. കനത്ത വെയിലിൽ തളർന്ന ഭക്തർക്ക് ഇവർ നൽകിയ കുടിവെള്ളം ഏറെ ആശ്വാസമായി. ശരണ ഘോഷയാത്ര മുട്ടം ടൗണിൽ സമാപിച്ചപ്പോഴായിരുന്നു കുടിവെള്ള വിതരണം. കുടിവെള്ള വിതരണത്തിന് എൻ.കെ.ബിജു, എ.എ.ഹാരീസ്, ഷബീർ, അരുൺ ചെറിയാൻ, സുധീർ, സുബൈർ, സുബി എന്നിവർ നേതൃത്വം നൽകി.