അടിമാലി: മൂന്ന് വർഷത്തോളമായി സമരപരമ്പകൾ അരങ്ങേറിയിട്ടും ഗതാഗതയോഗ്യമാകാതെ അടിമാലി ഇരുമ്പുപാലം പഴമ്പള്ളിച്ചാൽ റോഡ്.റോഡുപരോധവും ചെളിയിൽ ശയനപ്രതിക്ഷണവും അടക്കം ഇരുമ്പുപാലം പഴമ്പള്ളിച്ചാൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരരംഗത്തിറങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. എന്നാൽ സമരത്തിന്റെ രൂപഭാവങ്ങൾ മാറിമാറി വന്നിട്ടും ഗതാഗതയോഗ്യമായ റോഡെന്ന പഴമ്പള്ളിച്ചാൽ നിവാസികളുടെ സ്വപ്നം ഇപ്പോഴും എവിടെയുമെത്താതെ കിടക്കുന്നു. നാട്ടുകാരുടെ ആവശ്യത്തോടും സമരത്തോടും പൊതുമരാമത്ത് വകുപ്പ് മുഖം തിരിച്ച് നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.എല്ലാ സമരങ്ങൾക്കും ശേഷം പ്രഹസനമെന്നോണം ഉദ്യോഗസ്ഥരെത്തി കണക്കെടുപ്പും അളവുകളും നടത്താറുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിലേക്കവയെത്താറില്ലെന്ന്് നാട്ടുകാർ പറയുന്നു. ദേശിയപാത 49ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ ഗതാഗതതടസ്സം നേരിട്ടാൽ സമാന്തരപാതയായി ഉപയോഗിക്കാവുന്ന റോഡാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. പഴമ്പള്ളിച്ചാൽ, മാമലക്കണ്ടം, ഒഴുവത്തടം തുടങ്ങിയ പ്രദേശങ്ങളിലേക്കും മേഖലയിലെ ആദിവാസി, പട്ടിക വർഗ്ഗ കോളനികളിലേക്കും സഞ്ചരിക്കേണ്ടത് ഈ തകർന്ന റോഡിലൂടെയാണ്.മാസങ്ങൾക്ക് മുമ്പ് ഗർഭിണിയായ ആദിവാസി സ്ത്രീ അടിമാലി താലൂക്കാശുപത്രിയിലേക്കുള്ള വഴിമധ്യേ പ്രസവിച്ചതും ഈ റോഡിന്റെ ശോചനീയവസ്ഥ മൂലമായിരുന്നു.ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട് സാരമായി പരിക്കേറ്റവരും പ്രദേശത്ത് ധാരാളമുണ്ട്.ഇനിയെങ്കിലും തങ്ങളുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് അനുഭാവപൂർവ്വം പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.