മറയൂർ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മറയൂരിൽ അയ്യപ്പഭക്തർ ശരണഘോഷയാത്ര നടത്തി. അഞ്ചുനാട് അയ്യപ്പധർമ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോവിൽകടവ് മാരിയമ്മൻക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര മറയൂർ അരുണാക്ഷിയമ്മൻ ക്ഷേത്ര പരിസരത്ത് സമാപിച്ചു. സ്ത്രീകളടക്കമുള്ള ആയിരത്തോളം ഭക്തർ പങ്കെടുത്ത ഘോഷയാത്രയ്ക്ക് അഞ്ചുനാട് അയ്യപ്പസേവാ സംഘം പ്രസിഡന്റ് കെ. പാർത്ഥിപൻ നായർ നേതൃത്വം നൽകി. അരുണാക്ഷിയമ്മൻ ക്ഷേത്രത്തിൽ നടന്ന സമാപന ചടങ്ങിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ്, അഖിലകേരള അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്റ് സാനു, കേന്ദ്ര കമ്മറ്റിയംഗം സുരേഷ്, ഹിന്ദു മുന്നണി പ്രതിനിധി ജയകുമാർ ശർമ എന്നിവർ പ്രസംഗിച്ചു.