ഇടുക്കി: മധ്യവയസ്‌കന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. മുനിയറ ഇല്ലിസിറ്റി മന്നാട്ട് നാരായണ (കുഞ്ഞുമോൻ- 58)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദമ്പതികളെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജാക്കാട് വച്ച് നാരായണന്റെ സഹായിയും ഭാര്യയുമാണ് പിടിയിലായതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ സംഭവത്തിൽ പൊലീസ് സ്ഥിരികരണം നൽകാൻ തയാറായില്ല. കൊലയ്ക്ക് ശേഷം കാട്ടിലോളിച്ച ഇരുവരും രണ്ടുദിവസം കാട്ടിൽ തന്നെ ചിലവൊഴിച്ച് പൊന്മുടി അണക്കെട്ടിലൂടെ വളളത്തിൽ മറുകരയിലെത്തി രാജാക്കാട് വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നാരായണനെ കൊല്ലപ്പെട്ട നിലയിൽ വീടിനുളളിൽ കണ്ടെത്തിയത്. മൂന്ന് വിവാഹം കഴിച്ച നാരായണൻ ഇവിടെ ഒറ്റക്കാണ് താമസം. സംഭവത്തിനുശേഷം ഇവിടത്തെ കൃഷിയിടത്തിൽ ജോലികൾ ചെയ്തിരുന്ന സഹായിയും ഭാര്യയും വനത്തിലേക്ക് രക്ഷപ്പെട്ടതായ നിഗമനത്തിൽ വെളളത്തൂവൽ പൊലീസ് വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അന്വേഷണത്തിന്റെ തുടർച്ചയിൽ ഇന്നലെ ഇരുവരെയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ രാജാക്കാട് നിന്നും പിടികൂടുകയായിരുന്നെന്നാണ് വിവരം. വെളളിയാഴ്ച രാത്രിയിൽ കൊല്ലപ്പെട്ട നാരായണനും ചിലരുമായി നാരായണന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നതായി പൊലിസിനു വിവരം ലഭിച്ചു. നഗ്‌നനായിട്ടാണ് നാരായണൻ മരിച്ച് കിടന്നിരുന്നത്. വെട്ടി കൊലപ്പെടുത്തിയ നിലയിലായിരുന്നു. കൂടാതെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തിരുന്നു. മർദ്ദിക്കാൻ ഉപയോഗിച്ച വസ്തുക്കൾ മൃതദേഹത്തിനടുത്ത് നിന്ന് പൊലിസ് കണ്ടെത്തി. ശനിയാഴ്ച രാവിലെ പതിവായി ചായ കുടിക്കാൻ എത്തുന്ന കടയിൽ നാരായണൻ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നാരായണൻ വീടിനുളളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ട് നൽകി.