നെടുങ്കണ്ടം: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും വർഗീയത വളർത്താനും ശബരിമല സമരത്തെ ബിജെപിയും കോൺഗ്രസും ആയുധമാക്കുന്നത് പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എൽ.എ. നെടുങ്കണ്ടത്ത് ന ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ നടത്തുന്ന സമരത്തിന്റെ പേരിൽ അവരോട് ഏറ്റുമുട്ടാനോ പ്രതിഷേധത്തെ അടിച്ചമർത്താനോ പുരോഗമന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ ശ്രമിക്കില്ല. കാലം പ്രതിരോധം തീർക്കുമ്പോൾ, അനാചാരങ്ങൾ തകർന്നുവീഴും. ഇവിടെ കോടതിവിധി അതിനൊരു നിമിത്തമായെന്നേയുള്ളൂ. സാർവത്രികവും സാർവകാലികവും സാർവജനീനവുമായ ആചാരങ്ങളില്ല. അവ കാലത്തിനും ജനവിഭാഗങ്ങൾക്ക് അനുസരിച്ചും മാറും. ഓരോ ആചാരങ്ങളെയും പുതുക്കി പണിതുകൊണ്ടാണ് മാനവരാശിയുടെ വളർച്ച. എല്ലാ ആരാധനാലയങ്ങളിലും പോവാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യർക്കും പ്രവേശനം നൽകണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ നിലപാടെന്നും എം. സ്വരാജ് വ്യക്തമാക്കി. നെടുങ്കണ്ടം അഭിമന്യൂ നഗറിൽ (പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാൾ) നടന്ന സമ്മേളനത്തിന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ പി സമോദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ. എ റഹിം, എസ് .സതീഷ്, വി. പി റജീന, ജില്ലാ സെക്രട്ടറി നിശാന്ത് .വി. ചന്ദ്രൻ, ജി. ഗോപകൃഷ്ണൻ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി നടന്ന രക്തസാക്ഷി കുടുംബസംഗമത്തിൽ ഈയിടെ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യൂവിന്റെ മാതാപിതാക്കളും പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.