ഇടുക്കി: അറക്കുളം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ടത്തിന്റെ താക്കോൽ വിതരണവും കുടുംബശ്രീ അംഗങ്ങൾക്കായുള്ള 'ഒപ്പം' പദ്ധതിയുടെ ഉദ്ഘാടനവും ജോയ്‌സ് ജോർജ് എം പി നിർവ്വഹിച്ചു. മൂലമറ്റം സെന്റ് ജോർജ് പാരിഷ് ഹാളിൽ
നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന് കീഴിലെ ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ച 20 വീടുകളുടെയും ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച ഒരു വീടിന്റെയും ഉൾപ്പെടെ 21 വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്. ഇടുക്കി ജില്ലാ സഹകരണബാങ്കും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി ഗ്രാമീണ മേഖലയിലെ കുടുംബശ്രീ അംഗങ്ങൾക്ക് വായ്പഅനുവദിക്കുന്ന ഒപ്പം
പദ്ധതി രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ ശാക്തീകരണ പദ്ധതികളിൽ ഒന്നാണ്. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുനൽകുന്ന ഈ പദ്ധതിയുടെ പ്രയോജനം
നല്ലരീതിയിൽ വിനിയോഗിക്കണമെന്നും ജോയ്‌സ് ജോർജ് എം പി
അഭിപ്രായപ്പെട്ടു. കുടുംബശ്രീ അംഗങ്ങൾക്കുവേണ്ടി
നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരംഗത്തിന് നാല് ശതമാനം പലിശനിരക്കിൽ 15000 രൂപ വരെയാണ് നൽകുന്നത്. ചടങ്ങിൽ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.