ഇടുക്കി: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളേയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും കരുതലോടെ കാണുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ജോയ്‌സ് ജോർജ് എം.പി പറഞ്ഞു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതലസമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സാഹചര്യം മെച്ചപ്പെട്ടതാണെന്നും രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വളർച്ചക്കൊപ്പം പട്ടികവിഭാഗങ്ങളെയും എത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂലമറ്റം അറക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയതും കലാകായിക മത്സരങ്ങളിൽ വിജയിച്ചതുമായ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് പ്രോത്സാഹനസമ്മാന വിതരണവും,
രോഗബാധിതർക്ക് ചികിത്സാധനസഹായം കിട്ടുന്നതിനുള്ള അനുമതിയും നൽകി. കൂടാതെ തൊടുപുഴ അഡിഷണൽ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും ആയ അഡ്വ.മനോജ് കുര്യൻ സംഘടിപ്പിച്ച 'പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം' എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസും നടന്നു. തദ്ദേശ സ്വയംഭരണ ജനപ്രധിനിധികൾ സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ആർ.രഘു, ഉഷ ഗോപിനാഥ്, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ മാനുവൽ , ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ ചെല്ലമ്മ ദാമോദരൻ, രമ രാജീവ്, രാജൻ മക്കുപാറ, കെ.ശങ്കർ, ടോമി വാളികുളം, ഡാർവിൻ പപ്പു എന്നിവർ ആശംസകൾ നേർന്നു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് എതിരായ അതിക്രമം തടയൽ എന്ന വിഷയത്തിൽ അഡ്വ. മനോജ് കുര്യൻ സെമിനാർ നയിച്ചു. പട്ടികജാതി വികസന ഓഫീസർമാർ, പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ, മറ്റ് പഞ്ചായത്ത് മെമ്പർമാർ, ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.എൻ. സതീശൻ എ്ന്നിവർ സംസാരിച്ചു.