മുട്ടം : ടൗണിലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വഴി വിളക്കുകൾക്ക് ഇരുട്ട് ഭയം. രാത്രിയിൽ ആരും കാണാതെ കണ്ണടയ്ക്കുന്ന ലൈറ്റുകൾ പകൽവെളിച്ചത്തിൽ പ്രകാശിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും കെ.എസ്.ഇ.ബി ഉദോഗസ്ഥരോട് പരാതി പറഞ്ഞ് മടുക്കുകയാണ്. ആരെങ്കിലും പരാതി പറയുമ്പോൾ ജീവനക്കാർ വന്ന് താൽക്കാലിക പ്രശ്നപരിഹാരമുണ്ടാക്കിപ്പോകും. രണ്ട്‌ ദിവസം കഴിയുമ്പോൾ ലൈറ്റ് പഴയ അവസ്ഥയിലാകും. വഴിവിളക്കുകൾ രാത്രികാലങ്ങളിൽ പ്രവർത്തിക്കാത്തതിനാൽ ചിലസ്ഥലങ്ങളിൽ ഇരുട്ടിന്റെ മറപറ്റിയെത്തുന്ന സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുകയാണെന്നും നാട്ടുകാർ ആരോപിച്ചു.

ഹൈമാസ്റ്റ് ലൈറ്റും പണിമുടക്കി

ലക്ഷങ്ങൾ ചെലവഴിച്ച് ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പണി മുടക്കിയിട്ട് രണ്ട്‌ മാസത്തിലേറെയായി. ഇത് പ്രവർത്തന സജ്ജമാക്കാൻ പഞ്ചായത്തൊ കെ.എസ്.ഇ.ബി യൊ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇത്തരം പദ്ധതികൾക്ക് പണം ചെലവഴിക്കാൻ കാണിക്കുന്ന തിടുക്കവും ശുഷ്കാന്തിയും പിന്നീടുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പാരതി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിനാൽ സമീപത്തുണ്ടായിരുന്ന മറ്റ് വഴി വിളക്കുകൾ എടുത്ത് മാറ്റുകയും ചെയ്തു. ഇതോടെ ഉത്തരത്തിലിരുന്നത് എടുത്തുമില്ല എളിയിലിരുന്നത് പോവുകയും ചെയ്തെന്ന അവസ്ഥയിലാണ് നാട്ടുകാർ. വൈകിട്ട് വ്യാപാരസ്ഥാപനങ്ങൾ അടച്ച് കഴിഞ്ഞാൽ ടൗൺ ഇരുട്ടിലാകും. വെളിച്ചമില്ലാത്തതുകൊണ്ട് പൊലീസ് ടൗണിൽ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ പ്രയോജനവും ലഭിക്കുന്നില്ല.