രാജാക്കാട്: മുനിയറ ഇല്ലിസിറ്റിയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന മന്നാട്ട് നാരായണൻ ( കുഞ്ഞൻ -62) കൊല്ലപ്പെട്ട സംഭവത്തിൽ ഇയാളുടെ കൃഷിയിടത്തിലെ ജോലിക്കാരായ സ്ത്രീയും പുരുഷനും അറസ്റ്റിൽ. കൊന്നത്തടി കരിമല മുരുക്കംതടത്തിൽ സുരേന്ദ്രൻ (50), കോതമംഗലം മാമലക്കണ്ടംകുടി വർഗീസിന്റെ ഭാര്യ അളകമ്മ (58) എന്നിവരാണ് ഞായറാഴ്ച്ച രാത്രി അറസ്റ്റിലായത്. കുഞ്ഞന്റെ സഹായികളും തോട്ടത്തിലെ പണിക്കാരുമായ ഇരുവരും സംഭവത്തിന് ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെ രാജാക്കാടിന് സമീപം മമ്മട്ടിക്കാനത്ത് വച്ചാണ് ശാന്തൻപാറ പൊലീസ് ഇൻസ്പെക്ടർ എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് നാരായണനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നു തവണ വിവാഹം കഴിച്ചിട്ടുള്ള നാരായണൻ വിജനമായ പ്രദേശത്തെ കൃഷിയിടത്തിന് നടുവിലുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സുര എന്നു വിളിപ്പേരുള്ള സുരേന്ദ്രനും, അളകമ്മയും ഈ വിട്ടിലെ നിത്യസന്ദർശകരും പറമ്പിലെ സ്ഥിരം പണിക്കാരുമായിരുന്നു.
പതിവായി ചായകുടിക്കാനെത്തുന്ന കടയിൽ ശനിയാഴ്ച നാരായണൻ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിൽ കലാശിച്ചത് മദ്യപാനത്തിനിടയിലെ സംഘർഷം
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: പ്രതികൾ ഇരുവരും ചേർന്നാണ് കൊലപാതകം നടത്തിയത്. നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയായ സുരേന്ദ്രൻ ഒരുവർഷം മുമ്പാണ് മറ്റൊരുകേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ട അളകമ്മ സുരേന്ദ്രനൊപ്പം കൂടുകയായിരുന്നു. ഇരുവരും സുരേന്ദ്രന്റെ സ്ഥലത്തുള്ള ഷെഢിലായിരുന്നു താമസം. കൊല്ലപ്പെട്ട നാരായണനും പ്രതികളും ഒരുമിച്ച് മദ്യപിക്കുന്നതും പതിവായിരുന്നു. സംഭവദിവസം രാത്രി മദ്യലഹരിയിലായിരുന്ന നാരായണൻ അളകമ്മയെ കടന്നുപിടിച്ചു. ഇതെച്ചൊല്ലിയുള്ല തർക്കം അടിപിടിയിൽ കലാശിച്ചു. ഇരുവരും ചേർന്ന് കുറുവടിയും കൈയ്യിൽകിട്ടിയ ആയുധങ്ങളും ഉപയോഗിച്ച് നാരായണനെ ക്രൂരമായി അടിച്ച് വീഴ്ത്തുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. 6 വാരിയെല്ലുകൾ തകരുകയും ശരീരത്തിൽ മാരകമായി മുറിവേൽക്കുകയും ചെയ്ത നാരായണൻ സംഭവസ്ഥലത്ത് മരിച്ചു. മൂന്ന് വിവാഹം കഴിച്ച നാരായണന്റെ ഒരു ഭാര്യ നേരത്തെ മരിച്ചുപോയ. മറ്റ് രണ്ട് ഭാര്യമാരിലായി അഞ്ച് മക്കളുണ്ട്.
പ്രതികൾ ഒരുദിവസം ഏലത്തോട്ടത്തിൽ ഒളിച്ചു താമസിച്ചു
കൊലപാതകത്തിന് ശേഷം സ്ഥലംവിട്ട പ്രതികൾ കരിമല, കുത്തുങ്കൽ പ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളിലും കാടുകളിലുമായി ഒരുദിവസം ഒളിച്ച് കഴിയുകയായിരുന്നു. പൊലീസ് സംഘം തെരച്ചിലിനെത്തുന്നത് മലമുകളിൽ വനത്തിലിരുന്ന് പ്രതികൾ കാണുന്നുണ്ടായിരുന്നു. ഇതോടെ ഒളിത്താവളം സുരക്ഷിതമല്ലെന്ന് മനസിലാക്കി അടിമാലി വഴി രക്ഷപെടാൻ തീരുമാനിച്ചു. പൊന്മുടി ജലാശയത്തിന്റെ മുകൾഭാഗത്തെ ചങ്ങാടക്കടവ് വഴി പന്നിയാർ പുഴയ്ക്ക് മറുകര എത്തി. രാജാക്കാട് പഞ്ചായത്തിലെ പൊന്മുടി റോഡിൽ എത്തിയ ശേഷം ബസിൽ അടിമാലി ഭാഗത്തേയ്ക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മമ്മട്ടിക്കാനത്തുവച്ച് മഫ്തിയിൽ എത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ശാന്തൻപാറ സ്റ്റേഷനിൽ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് വെള്ളത്തൂവൽ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചോദ്യംചെയ്തു. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
അന്വേഷണസംഘം
ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡിവൈ.എസ്.പി സുരേഷ്ബാബു,സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി മോഹൻദാസ് തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ കൊലനടന്ന വീട് സന്ദർശിച്ചശേഷം എസ്.പി യുടെ നേതൃത്വത്തിൽ 15 അംഗസ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. കൊലയ്ക്ക് ശേഷം കാണാതായ സുരേന്ദ്രനെയും അളകമ്മയെയും കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. വെള്ളത്തൂവൽ എസ്.ഐ എസ്.ശിവലാൽ,രാജാക്കാട് എസ്.ഐ പി.ഡി അനൂപ്‌മോൻ, എ.എസ്.ഐ മാരായ സി.വി ഉലഹന്നാൻ,സജി എൻ.പോൾ,ടോമി ജോസഫ്, സി.ആർ സന്തോഷ്, സി.പി.ഒ ഓമനക്കുട്ടൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
സുരേന്ദ്രൻ നിരവധി കേസുകളിലെ പ്രതി
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത മനോഭാവത്തിനുടമയാണ് സുരേന്ദ്രൻ എന്ന് പൊലീസ് പറഞ്ഞു. മോഷണം , അടിപിടി, കൊലപാതകശ്രമം തുടങ്ങി ഏഴോളം കേസുകളിലെ പ്രതിയായ ഇയാൾ അതിനികൃഷ്ടമായ ഹീനകൃത്യം സ്വന്തം ഭാര്യയോടുപോലും കാട്ടിയിട്ടുണ്ട്. ആരുടെയും സഹായമില്ലാതെ പ്രാകൃതമായ രീതിയിൽ 9ാം മാസം ഭാര്യയുടെ ഗർഭം അലസിപ്പിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പ് സ്വന്തം സഹോദരിയുടെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2011ൽ ഇളയ സഹോദരന്റെ കാൽ തല്ലിയൊടിച്ചതിന് ഒന്നര വർഷത്തെ ജയിൽശിക്ഷയും അനുഭവിച്ചു. ഒരുവർഷം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിന് ശേഷമാണ് അളകമ്മയുമായി അടുപ്പത്തിലാകുന്നതും നാരായണന്റെ പറമ്പിൽ പാണിക്കാരനായി എത്തുന്നതും.