അടിമാലി: വിവാദങ്ങളുടെ ഘോഷയാത്രയുമായി തുടങ്ങിയ മാങ്കുളത്തെ ഈ- ടോയ്‌ലറ്റ് വീണ്ടും ചർച്ചാവിഷയമാകുന്നു. ലക്ഷങ്ങൾ ചെലവഴിച്ച ശൗചാലയം നോക്കുകുത്തിയായിരിക്കുമ്പോഴും ബസ് കാത്തിരുപ്പ് കേന്ദ്രത്തിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മൂത്രശങ്ക തീർക്കാൻ നിവർത്തിയില്ലെന്നതാണ് പുതിയ വിവാദം.
മാങ്കുളം ഗ്രാമപഞ്ചായത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ് വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച ഈ - ടോയ്‌ലറ്റ്. ആദ്യം ശൗചാലയം സ്ഥാപിക്കാനുള്ള സ്ഥലം സംബന്ധിച്ചായിരുന്നു തർക്കം. പിന്നീട് ഇതിനോട് ചേർന്ന് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സംബന്ധിച്ചായി വിവാദം. പുതിയ സാഹചര്യത്തിൽ നോക്കുകുത്തിയായി തീർന്ന ശൗചാലയമാണ് നാട്ടുകാരുടെ ചർച്ചാ വിഷയം. മാങ്കുളം ടൗണിൽ ഫിലോമിന തോടിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് വിവാദ ഇ ടോയ്‌ലറ്റ് ഉള്ളത് . നിർമ്മാണം കഴിഞ്ഞ ആദ്യത്തെ ഒന്നോ രണ്ടോ മാസത്തിന് ശേഷം ഈ പൊതു ശൗചാലയം പ്രവർത്തിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് എട്ടും പത്തും കിലോമീറ്റർ സഞ്ചരിച്ച് എത്തിയാണ് സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ അടിമാലിക്കുള്ള ബസിനുവേണ്ടി മാങ്കുളത്ത് കാത്തിരിക്കുന്നത്. രാവിലെ കാൽനടയായും ജീപ്പിൽ സഞ്ചരിച്ചുമൊക്കെ കിലോമീറ്ററുകൾ താണ്ടി എത്തുന്നവർ പലപ്പോഴും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനാകാതെ ബുദ്ധിമുട്ടിലാകാറുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്ന് മറ്റൊരു പൊതു ശൗചാലയമുണ്ടെങ്കിലും അതും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല.
വിനോദസഞ്ചാര ഭൂപടത്തിലും മാങ്കുളം പഞ്ചായത്ത് ഇടംനേടിയതോടെ വിദേശികളുൾപ്പെടെയുള്ള നിരവധി ആളുകൾ ഇവിടേക്കെത്താറുണ്ട്. പറഞ്ഞിട്ട് എന്തുകാര്യം, വിനോദ സഞ്ചാരിയായാലും പ്രാഥമിക കാര്യങ്ങൾക്ക് വേലിപ്പടർപ്പുകൾചാടി വിജനമായ സ്ഥലങ്ങൾ കണ്ടെത്തിയെ പറ്റു. സാഹചര്യങ്ങൾ ഇത്രയും ഗുരുതരമായ സ്ഥിതിക്ക് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഇ ടോയ്‌ലറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഗ്രാമപഞ്ചായത്ത് ഈ കാര്യത്തിൽ അനങ്ങാപ്പാറ നയം അവസാനിപ്പിച്ചേ മതിയാകു എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..