നെടുങ്കണ്ടം : പ്രളയനൊമ്പരങ്ങളും പുത്തൻപ്രതീക്ഷകളും കാൻവാസിലാക്കി നെടുങ്കണ്ടത്ത് നടക്കുന്ന ചിത്രപ്രദർശനം കാണികൾക്ക് കൗതുകമാകുന്നു. ഹൈറേഞ്ച് ആർട്ടിസാൻസ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ പ്രളയക്കെടുതിയിലെ വിവിധ സംഭവങ്ങൾ കോർത്തിണക്കി പ്രദർശനം ഒരുക്കിയിരിക്കുന്നത്. പി.ടി സത്യരാജൻ, ഹരിലാൽ പാമ്പാടി, കെ.സി ടോമി ഇമേജ്, സാബു ദൃശ്യകല എന്നിവർ വരച്ച 60 ഓളം ചിത്രങ്ങളുടെ പ്രദർശനമാണ് പടിഞ്ഞാറെക്കവല വികസനസമിതി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കേരളം നേരിട്ട വിവിധ ദൃശ്യങ്ങളെ കാൻവാസിലാക്കിയിരിക്കുകയാണ് ചിത്രകാരന്മാർ. മഴകെടുതി, ഉരുൾപൊട്ടൽ, പ്രളയം, കേരളത്തിന്റെ സൈനികരായ മത്സ്യ തൊഴിലാളിമാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം, ഉരുൾപൊട്ടലും മണ്ണിടിച്ചിലും കൊണ്ടുപോയ കർഷകരുടെ സ്വപ്നങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. പ്രളയത്തിന് ശേഷം ഒത്തൊരുമയോടെ പുതിയ കേരളത്തിന്റെ പുനരുജ്ജീവന പ്രതീക്ഷകളും ചിത്രങ്ങൾ പങ്കുവെയ്ക്കുന്നു. പ്രദർശനം ഇന്ന് സമാപിയ്ക്കും. പ്രവേശനം സൗജന്യമാണ്. പ്രദർശനം കാണാനെത്തുന്നവർക്ക് ആവശ്യമുണ്ടെങ്കിൽ സ്വന്തം ചിത്രങ്ങൾ ഉടൻ തന്നെ വരച്ച് നൽകാൻ നിമിഷ ചിത്രകാരനായ ഹരിലാൽ പാമ്പാടി തയ്യാറാണ്. ആളുകളുടെ ചിത്രം വരയ്ക്കുമ്പോൾ കിട്ടുന്ന പ്രതിഫലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുന്നതിനായി ഉടുമ്പൻചോല തഹസിൽദാരെ ഏൽപ്പിയ്ക്കും.