തൊടുപുഴ: മഹായതിപൂജയോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 4000 തീർത്ഥാടകർ ഇന്ന് പുറപ്പെടും. 70 ബസുകളും നൂറിലധികം ചെറിയ വാഹനങ്ങളിലുമായാണ് തീർത്ഥാടക സംഘം പുറപ്പെടുന്നത്. വിവിധ ശാഖകളിൽ നിന്നുള്ള തീർത്ഥാടകർ ഇന്ന് വൈകിട്ട് അഞ്ചിന് തൊടുപുഴ ചെറായിക്കൽ ഗുരുദേവ ക്ഷേത്രത്തിൽ സംഗമിക്കും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിട്ടുള്ള മണ്ഡല നെയ്‌വിളക്ക് ദീപാരാധന തൊഴുത് യാത്രതിരിക്കും. ക്ഷേത്രസന്നിധിയിൽ നിന്നും തീർത്ഥാടകർ ദൈവദശകം ആലപിച്ചുകൊണ്ട് വാഹനഘോഷയാത്രയായി തൊടുപുഴ നഗരത്തിലൂടെ കടന്നുപോകും. കരിമണ്ണൂർ , ഉടുമ്പന്നൂർ, മുള്ളരിങ്ങാട് ശാഖകളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്നത്. എല്ലാ വാഹനങ്ങൾക്കും തൊടുപുഴ യൂണിയന്റെയും ശാഖയുടെയും പേരെഴുതി നമ്പറിട്ട് ശിവഗിരിയിൽ പാർക്കിംഗിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
വൈകുന്നേരം അഞ്ച് മുതൽ ചെറായിക്കൽ ക്ഷേത്രത്തിലെത്തുന്ന ശാഖാഭാരവാഹികളുടെ വാഹനങ്ങൾ ഇടയ്ക്കാട്ടുകയറ്റം ടാറ്റാ വർക്ക് ഷോപ്പ് മുതൽ തൊടുപുഴയിലേക്ക് തിരിച്ച് പാർക്ക് ചെയ്യണം. ഭക്തരെ ക്ഷേത്രത്തിലിറക്കി നമ്പറും ബാഡ്ജും വാങ്ങി മണ്ഡലനെയ്‌വിളക്ക് ദീപാരാധനയിൽ പങ്കുകൊണ്ട് യാത്ര തിരിക്കണം. വൈകിട്ട് 6ന് തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് തീർത്ഥയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. യൂണിയൻ കൺവീനർ ഡോ. കെ.സോമൻ നേതൃത്വം നൽകും. യോഗം അസി. സെക്രട്ടറി ഷാജി കല്ലാറ, യോഗം ഡയറക്ടർ വി. ജയേഷ് എന്നിവർ യാത്ര കോ-ഓർഡിനേറ്റ് ചെയ്യും. ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് വൈക്കം ബെന്നി ശാന്തി, രാമചന്ദ്രൻ ശാന്തി എന്നിവർ നേതൃത്വം നൽകും. എല്ലാ വാഹനങ്ങളും യൂണിയനിൽ നിന്ന് പാർക്കിംഗ് സ്ളിപ്പ്, സ്റ്റിക്കർ, ബാഡ്ജ് എന്നിവ കൈപ്പറ്റണമെന്നും വൈകിട്ട് 5ന് തന്നെ ചെറായിക്കൽ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്നും യൂണിയൻ കൺവീനർ ഡോ. കെ.സോമൻ അറിയിച്ചു.