കാട്ടിലും നാട്ടിലും തെരുവ് നായ്ക്കളുടെ വിളയാട്ടം. മറയൂർ ചന്ദന റിസർവിലും വിനോദസഞ്ചാരകേന്ദ്രമായ തേക്കടി- കുമളി മേഖലയിലുമാണ് തെരുവ്നായ്ക്കളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. മറയൂരിൽ നയ്ക്കളുടെ മാൻവേട്ട രണ്ടാഴ്ചയിലധികമായി തുടരുകയാണ്. ആറ് പുള്ലിമാനുകളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. കുമളിയിൽ അടുത്തിടെ സംസ്ഥാന ദുരന്തനിവാരണസേന മുൻ മേധാവി ഡോ.കെ.ജി. താര ഉൾപ്പെടെ മൂന്നുപേർക്ക് നായ്ക്കളുടെ കടിയേറ്റു. പെരിയാർ കടുവസങ്കേതത്തിൽ സംഘടിപ്പിച്ച ഒരു പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. താര.
രണ്ടാഴ്ചക്കിടെ മറയൂരിൽ ചത്തത് ആറ് പുള്ളിമാൻ
മറയൂർ: മറയൂർ ചന്ദനഡിവിഷനിലെ വനമേഖലയിൽ തെരുവ് നായ്ക്കൾ വന്യമൃഗങ്ങൾക്ക് കനത്തഭീഷണിയാവുകയാണ്. പകൽ സമയങ്ങളിൽ നായ്ക്കളുടെ മൃഗവേട്ടയും രാത്രിയിൽ കൊള്ളക്കാരുടെ ചന്ദനമോഷണവും കൊണ്ട് മറയൂർ കുപ്രസിദ്ധി നേടുകായണ്. നാച്ചിവയൽ ചന്ദന റിസവ്വിൽ ആറുപുള്ളിമാനുകളെയാണ് കഴിഞ്ഞ രാണ്ടാഴ്ച്ചക്കുള്ളിൽ തെരുവ് നായ്ക്കൾ കടിച്ചുകൊന്നത്. നാച്ചിവയൽ, ആനക്കാൽപ്പെട്ടി എന്നിവടങ്ങളിൽ നിന്നാണ് നായ്ക്കൾ സംരക്ഷണ വേലിക്കുള്ളിലൂടെ നുഴഞ്ഞുകയറി മൃഗവേട്ട നടത്തുന്നത്. ചന്ദന കാക്കുകമാത്രമാണ് തങ്ങളുടെ ചുമതലയെന്ന മട്ടിൽ വന്യജീവി സംരക്ഷണത്തിൽ ശ്രദ്ധപതിപ്പിക്കാത്ത വനപാലകരുടെ നിക്ഷേധാമ്ക സമീപനമാണ് മാനുകളുടെ കൂട്ടമരണത്തിന് കാരണമായിരിക്കുന്നത്.
നാച്ചിവയൽ റിസർവ്വിലെ കുപ്പനോട ഭാഗത്താണ് ഏറ്റവും അധികം പുള്ളിമാനുകൾ ആക്രമിക്കപ്പെട്ടത്. നാച്ചിവയൽ റിസർവിലെ അടിക്കാടുകൾ വനംവകുപ്പ് തന്നെ വെട്ടിതെളിച്ചത് നായ്ക്കൾക്ക് കൂടുതൽ സഹായകരമായി. നായ്ക്കൾ കടിച്ചുകൊന്ന പുള്ളിമാനുകളെ പോസ്റ്റുമാർട്ടം പോലും നടത്താതെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രഹസ്യമായി കുഴിച്ചുമൂടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാച്ചിവയൽ പത്ത് വീട് ഭാഗത്ത് പുള്ളിമാനെ നായ്ക്കൾ കടിച്ചുകൊന്നതാണ് ഈ പരമ്പരയിലെ അവസാന സംഭവം. പ്രദേശവാസികൾ നായ്ക്കളെ തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരെത്തിയപ്പോഴേക്കും മാൻ കശാപ്പുചെയ്യപ്പെട്ടിരുന്നു.
വന്യജീവി സങ്കേതത്തിൽ നായ്ക്കൾക്ക് പ്രവേശനമില്ല
വന്യജീവി സങ്കേതത്തിൽ കടന്നുകയറുന്ന വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ കർശനമായ നിമയങ്ങളുണ്ട്. പുറത്തുനിന്നുള്ള കന്നുകാലികൾക്കുപോലും സംരക്ഷിത വനമേഖലയിൽ നിയന്ത്രണം ബാധകമാണ്. കുളമ്പുരോഗം പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനാണ് ഇത്തരം നിയന്ത്രണം. ഇതിനേക്കാൾ താരതമ്യേന കർശനമാണ് തെരുവ്നായ്ക്കളുടെ കാര്യം. ഇവടെ വനമേഖലയിൽ കണ്ടാൽ വെടിവെച്ചുകൊല്ലാൻ വരെ നിയമമുണ്ട്.
തെരുവ്നായ്ക്കൾ വാഴുന്ന കുമളി
പ്രളയക്കെടുതിയിൽ നിന്ന് ഒരുവിധം കരകയറിവരുമ്പോഴാണ് വിനോദസഞ്ചാരികളുടെ പറുദ്ദീസയായ തേക്കടിയിൽ കൂനിന്മേൽകുരുപോലെ പേപ്പട്ടിശല്യമുണ്ടായത്. യാതൊരു നിയമന്ത്രണവുമില്ലാതെ പെറ്റുപെരുകുന്ന തെരുവ് നായ്ക്കളുടെ സ്വൈര്യവിഹാരമാണ് കുമളിയിൽ. വനമേഖലയുമായി ചേർന്നുകിടക്കുന്ന പ്രദേശമെന്ന നിലയിൽ ഇവിടുത്തെ നായശല്യവും വന്യജീവി സമ്പത്തിന് ഭീഷണിയാണ്. കഴിഞ്ഞദിവസം ദുരന്തനിവാരണസേന മുൻ അദ്ധ്യക്ഷ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്കും ഒരു പശുവിനും നായ്ക്കളുടെ കടിയേറ്റു. പഞ്ചായത്തിലെ മാലിന്യസംസ്കരണ സംവിധാനം താറുമാറായതാണ് നഗരത്തിൽ നയശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.