local-bridge-1
പ്രളയത്തിൽ തകർന്ന നാൽപ്പതേക്കർ പാലം

രാജാക്കാട്: പ്രളയത്തിൽ പൂർണമായും തകർന്ന നാൽപ്പതേക്കർ പാലം പുനർനിർമ്മിക്കാൻ നടപടിയാകാത്തത് ജനങ്ങളെ വലയ്ക്കുന്നു. ഇതുവഴി വാഹന ഗതാഗതം പൂർണമായും നിലച്ചതോടെ കിലോമീറ്ററുകൾ കാൽനടയായി ചുറ്റി സഞ്ചരിച്ചാണ് പ്രദേശവാസികൾ വീടുകളിൽ എത്തുന്നത്. ബൈസൺവാലി പഞ്ചായത്തിലെ നാൽപ്പതേക്കറിൽ പതിറ്റാണ്ടുകൾക്കു മുമ്പു നിർമ്മിച്ച ഈ ചെറുപാലം രാജാക്കാടിലേക്കും, ബൈസൺ വാലി ടൗണിലേക്കും എളുപ്പത്തിൽ എത്തി ചേരുന്നതിന് പ്രദേശവാസികൾക്ക് സഹായകരമായിരുന്നു. കൈവരികൾ തകർന്ന് അപകടസ്ഥയിലായ പാലത്തിന്റെ അവസ്ഥ മുൻപ് വാർത്തയായിരുന്നു. കഴിഞ്ഞമാസത്തെ വൻ പ്രളയത്തെ തുടർന്നാണ് പാലം പൂർണമായും തകർന്നത്. നിലവിൽ ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നു പോകുവാൻ കഴിയാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. കർഷകർക്ക് തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും പ്രയാസം നേരിടുന്നു.
ബൈസൺവാലി പഞ്ചായത്തിലെ മിക്ക ചെറു ചപ്പാത്തു പാലങ്ങളുടെയും അവസ്ഥ പ്രളയത്തെ തുടർന്ന് പരിതാപകരമായ അവസ്ഥയിലാണ്. ഇതിൽ ടി കമ്പനി ഭാഗത്തെ ചെറു ചപ്പാത്തും പൂർണമായി തകർന്ന നിലയിലാണ്. പാലം അപകടാവസ്ഥയിലാണന്ന് ചൂണ്ടികാട്ടി പ്രദേശവാസികൾ അധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷങ്ങൾ പിന്നിടുന്നു.

അധികൃതർ പറയുന്നു....

നാൽപ്പതേക്കർ ബൈസൺവാലി ബൈപാസ് റോഡിന്റെ നിർമ്മാണം നടക്കുന്ന സമയത്ത് പാലം പുതുക്കി നിർമ്മിക്കും.

പഞ്ചായത്ത് പറയുന്നു....

പഞ്ചായത്തിന് തനിയെ ഈ ജോലികൾ പൂർത്തികരിക്കാൻ സാധിക്കുകയില്ല. സർക്കാർ ഏജൻസികൾ അനുവദിക്കുന്ന ഫണ്ട് ലഭിച്ചാൽ മാത്രമെ പാലങ്ങളുടെ ശോച്യന്യവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയു.

നാട്ടുകാർക്ക് പറയാനുള്ളത്......

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ റോഡിന്റെ നിർമ്മാണം എന്ന് ആരംഭിക്കുമെന്ന് അറിയാത്തതിനാൽ വാഹനങ്ങൾ കടന്നു പോകുവാൻ തക്കവിധം താത്കാലിക സംവിധാനമെങ്കിലും ഒരുക്കി നൽകണം.