മൊത്തം നവീകരിക്കുന്നത് - 46 കി.മി
പ്രവർത്തനം വൈകുന്നത് 26 കി.മി
നിർമാണ തുക - 286 കോടി
രാജാക്കാട്:വനം വകുപ്പിന്റെ കെടുകാര്യസ്ഥതയാൽ ദേശീയപാത 85 ന്റെ നിർമ്മാണം പ്രതിസന്ധിയിൽ. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ദൂരം നവീകരിക്കുന്നതിൽ 26 കിലോമീറ്റർ ഭാഗത്താണ് നിർമാണപ്രവർത്തനങ്ങൾ വൈകുന്നത്. റോഡിന് വീതി കൂട്ടി നിർമ്മിക്കുമ്പോൾ വശങ്ങളിലുള്ള മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തടസ്സം. മന്ത്രിമാരും, എം.പി യും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച ചെയ്ത് മരം മുറിച്ചുമാറ്റുന്നതിനുള്ള തടസ്സങ്ങൾ മാറ്റി എന്ന് പറയമ്പോഴും ഇതിന് വേണ്ടിയുള്ള സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ നിർമ്മാണമേഖലയിലെ ചെറുമരങ്ങൾ പോലും മുറിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നുവെന്നാണ് കരാറുകാരുടെ ആക്ഷേപം.മരങ്ങളുടെ വില നിശ്ചയിച്ച് നൽകുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും അനാവശ്യ കാലതാമസമെടുക്കുന്നതിനാൽ കരാർ കാലാവധിക്കുള്ളിൽ പണിതീർക്കാൻ സാധിക്കില്ലെന്നാണ് കരാറുകാർ പറയുന്നത്.
ഇപ്പോൾ നിർമാണം നടക്കുന്നത്
പൂപ്പാറ മുതൽ ബോഡിമെട്ട് വരെയുള്ള 11 കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. മരം മുറിക്കാൻ അനുമതി നൽകാത്തതുകൊണ്ട് പാറ പൊട്ടിക്കുന്നതിനും മണ്ണെടുത്ത് വീതി കൂട്ടുന്നതിനും തടസം നേരിടുകയാണ്. ദേവികുളം ഗസ്റ്റ് ഹൗസ് മുതൽ ഒന്നരകിലോമീറ്ററോളം ഭാഗത്തും സമാനമായ പ്രതിസന്ധിയുണ്ട്. ആനയിറങ്കൽ മുതൽ പൂപ്പാറ വരെയും ഈ പ്രതിസന്ധിയുണ്ട്.' ദേശീയപാത നിർമ്മാണത്തിന് ഫണ്ടനുവദിച്ച ശേഷം റവന്യൂവനംവകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ആറ് മാസത്തോളം പണികൾ വൈകിയിരുന്നു. മഴ മൂലവും മാസങ്ങളോളം നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടി വന്നു.
2019 ഓഗസ്റ്റ് മാസത്തോടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് കരാറെങ്കിലും മഴയും വനംവകുപ്പിന്റെ തടസവാദങ്ങളും മൂലം പണികൾ വൈകിയതിനാല് നിർമ്മാണകാലയളവ് നീട്ടി നൽകുമെന്നാണ് കരാറുകാരുടെ പ്രതീക്ഷ. കരാാർ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കി നൽകിയില്ലെങ്കിൽ കരാറുകാരൻ താമസിക്കുന്ന ഒരോ ദിവസവും 0.15 ശതമാനം തുക നഷ്ടം സർക്കാരിന് നൽകണമെന്നതാണ് വ്യവസ്ഥ. 286 കോടി രൂപ കരാറിൽ എർണാകുളം ഗ്രീൻ വർത്ത് കമ്പനിയാണ് 4 വർഷത്തെ മെയിന്റനൻസ് അടക്കം ഇ പി സി വർക്കിന് കരാർ പ്രകാരം നാലുവരിപാതയുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. അടുത്ത മെയ് മാസത്തിനു മുമ്പ് നിർമാണം 50 ശതമാനമെങ്കിലും പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് നടപടികളിൽ വീഴ്ച്ച വരുത്തി വീണ്ടും കാലതാമസമുണ്ടാക്കുന്നത്. എന്നാൽ ഒരാഴ്ച്ചക്കുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് ദേശീയപാത വിഭാഗം അധികൃതർ പറയുന്നത്.