രാജാക്കാട്: സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം മീറ്ററോളം ഉയരത്തിൽ കേരള തമിഴ്‌നാട് അതിർത്തിയിൽ വ്യാപിച്ച്കിടക്കുന്ന പച്ചപുതച്ച പുൽമേടുകൾ നിറഞ്ഞ മൊട്ടക്കുന്നുകൾ. കിഴക്ക് നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്‌നാടൻ ഗ്രാമങ്ങൾ,പടിഞ്ഞാറു മലനാടിന്റെ ദൃശ്യചാരുതയത്രയും പകർന്നു നൽകുന്ന നിത്യഹരിത വനങ്ങളും കൃഷിഭൂമികളും. സീസണുകൾ അനുസരിച്ച് ഇരു ദിക്കുകളിൽ നിന്നും മാറി മാറി എത്തുന്ന പിശറൻ കാറ്റ്. കോടമഞ്ഞും തണുപ്പും നിറഞ്ഞ പ്രഭാത സായാഹ്നങ്ങൾ.സഞ്ചാരികളുടെ കൺമുന്നിലൂടെ ഓടിമറയുന്ന് കാട്ടുമൃഗങ്ങൾ.തമിഴ്‌നാടിന്റെ മണ്ണിൽ ചുവടുകളുറപ്പിച്ച് മുരൾച്ചയുടെ സംഗീതം പൊഴിച്ച് കറങ്ങുന്ന കാറ്റാടിയന്ത്രങ്ങളുടെ തുടർച്ച ചുരമിറങ്ങി തമിഴ്‌നാടിന്റെ വിശാലതയിലേയ്ക്ക് ചെല്ലുമ്പോൾ കാറ്റാടിപ്പാടമായി മാറുന്നു.പ്രകൃതിയൊരുക്കുന്ന വന്യ സൗന്ദര്യവും,പ്രശാന്തമായ ചുറ്റുപാടുകളും.തിരക്കുകളില്ലാതെ സന്ദർശകർക്ക് മണിക്കൂറുകളോളം ചെലവഴിക്കാൻ പറ്റിയ ഹൈറേഞ്ചിലെ അപൂർവ്വ ഇടങ്ങളിലൊന്ന്. ഇത് ചതുരംഗപ്പാറമെട്ട്.മൂന്നാർതേക്കടി സംസ്ഥാന പാതയിൽ ശാന്തൻപാറയിൽ നിന്നും 6കിലോമീറ്റർ മാത്രം അകലെയുള്ള ചതുരംഗപ്പാറയെന്ന തൊഴിലാളിഗ്രാമത്തിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ഇരുവശവും വൃക്ഷങ്ങൾ തണൽ വിരിയ്ക്കുന്ന റോഡിലൂടെ സഞ്ചരിച്ചാൽ ഈ മനോഹര ഭൂമിയിലെത്താം.മലയുടെ നിറുകയിലെ വ്യൂ പോയിന്റിൽ എത്തുന്നതിനു മുൻപേതന്നെ ആകാശത്തേയ്ക്ക് തലയുയർത്തി നിന്ന് കറങ്ങുന്ന കാറ്റാടി യന്ത്രങ്ങൾ കാണാം. കാറ്റിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനായി തമിഴ്‌നാട് സർക്കാരാണ് ഇവിടെ കാറ്റാടികൾ സ്ഥാപിച്ചിരിക്കുന്നത്.
പൂർണമായും തമിഴ്നാട്ടിൽ
ദിവസവും നിരവധിപ്പേർ എത്തുന്ന ചതുരംഗപ്പാറ മെട്ട് എന്ന വിനോദ സഞ്ചാര കേന്ദ്രം പൂർണ്ണമായും സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലാണ്. പക്ഷെ കേരളത്തിലൂടെ മാത്രമെ ഇവിടേയ്ക്ക് പ്രവേശിക്കാനാവു.പ്രവേശനം നിയന്ത്രിക്കുന്നതിനായി ഒരു ചെക്ക് പോസ്റ്റും വഴിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഏതാനും ദശകങ്ങൾ മുൻപ് വരെ ഇവിടെ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് സജീവമായ ഒരു കാനന പാത ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും പലചരക്ക് സാധനങ്ങളും മറ്റും തലചുമടായും കഴുതപ്പുറത്തേറ്റിയും കേരളത്തിലേയ്ക്ക് എത്തിച്ചിരുന്നത് ഇതുവഴി ആയിരുന്നു.മറ്റ് റോഡുകൾ കൂടുതൽ വികസിക്കുകയും,ബസ് സർവ്വീസുകൾ ഉൾപ്പെടെയുള്ളവ ആരംഭിക്കുകയും ചെയ്തതോടെ ഈ പാതയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. കഞ്ചാവും ഏലവും ഉൾപ്പെടെയുള്ള കള്ളക്കടത്തായി അതിർത്തി കടത്തുന്നതിനു ഈ മാർഗ്ഗം ഇപ്പോഴും ചിലർ ഉപയോഗപ്പെടുത്തുന്നുണ്ടത്രേ.
ഡി.ടി.പി.സി മുന്നോട്ട് വരണം.
തമിഴ്‌നാട്ടിലെ ഭൂഭാഗങ്ങളിൽ വ്യാപിച്ച് കിടക്കുന്ന തെങ്ങിൻതോപ്പുകളും,മാവിൻതോട്ടങ്ങളും,കരിമ്പ് പാടങ്ങളും, മുന്തിരിത്തൊപ്പുകളും പച്ചക്കറി തോട്ടങ്ങളും ഉൾപ്പെടുന്ന വിശാലമായ കൃഷിയിടങ്ങളും, കൊച്ചുപട്ടണങ്ങളും ജനവാസ മേഖലകളും,പശ്ചിമ ഘട്ട മലനിരകളിലെ ഹരിതാഭയുമെല്ലാം ഈ മലമേട്ടിൽ നിന്നാൽ നമുക്ക് ആസ്വദിക്കാം. അതിർത്തി കടന്നെത്തുന്ന തണുത്ത കാറ്റ് നട്ടുച്ചയ്ക്ക് പോലും കുളിർമ പകരും. ഇരു സംസ്ഥാനങ്ങളുടെയും കാർഷിക മേഖലയെ പകുത്തുകൊണ്ട് കടന്നു പോകുന്ന നിബിഢ വനം കാട്ടാനയും പുലിയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ആവാസ കേന്ദ്രമാണു.സാഹസികത ഇഷ്ടപ്പെടുന്നവർ കാടിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് കടന്നു ചെല്ലാറുണ്ടെങ്കിലും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി എത്തുന്നവർ ഈ പ്രശാന്തതയിലിരുന്ന് കാഴ്ച്ചകൾ കാണാനും സമയം ചെലവഴിക്കുവാനുമാണു.ഈ പ്രദേശത്തിന്റെ മനോഹാരിതയും വിനോദ സഞ്ചാര സാദ്ധ്യതകളും പ്രയോജനപ്പെടുത്തുവാൻ ഡി.ടി.പി.സി മുന്നോട്ട് വരണം.